നെതന്യാഹുവിന്റെ മരുമകളുടെ വിവരങ്ങളും കൈമാറി: ഇസ്രായേലിൽ മൂന്ന് ചാരന്മാർ അറസ്റ്റിൽ

അറസ്റ്റിലായ മൂവർക്കും പരസ്പരം ബന്ധമില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ വെവ്വേറെ കേസുകളാണ് ചുമത്തിയത്

Update: 2025-06-25 07:09 GMT
Editor : rishad | By : Web Desk

തെഹ്റാന്‍: ഇറാനു വേണ്ടി ചാരവൃത്തി നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍. ഇറാനുവേണ്ടി രാജ്യത്തെ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ഇസ്രായേല്‍ പൊലീസും രഹസ്യാനേഷണ വിഭാഗമായ ഷിന്‍ബെറ്റും ചേര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മൂവർക്കും പരസ്പരം ബന്ധമില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ വെവ്വേറെ കേസുകളാണ് ചുമത്തിയത്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളിൽ ഒരാൾ ശേഖരിച്ച് ഇറാന് കൈമാറിയതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു. 

Advertising
Advertising

വടക്കന്‍ ഇസ്രായേല്‍ നഗരമായ ഹൈഫയിൽ താമസിക്കുന്ന 28 കാരന്‍ ദിമിത്രി കോഹനെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരുമകള്‍ അമിത് യാർദേനിയെയും കുടുംബത്തെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇവര്‍ ശേഖരിച്ചതായാണ് പറയപ്പെടുന്നത്. ചാരപ്പണിക്ക് വേണ്ടി മറ്റു ഇസ്രായേല്‍ പൗരന്മാരെ ഇയാള്‍ സ്വാധീനിച്ചതായും സംശയമുണ്ട്. ഇസ്രായേലികളുടെ വീടുകളുടെയും പരിസര പ്രദേശങ്ങളുടെയും ചിത്രങ്ങൾ പകർത്തി, അത് തന്റെ ഇറാനിയൻ ഹാൻഡ്‌ലർക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഓരോ ജോലിക്കും 500 ഡോളറാണ് ഇയാള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.  ദിമിത്രി കോഹനെ കൂടാതെ തെൽ അവീവ് സ്വദേശിയായ 27കാരനും ഷാരോൺ മേഖലയിൽ നിന്നുള്ള 19 വയസ്സുകാരനുമാണ് അറസ്റ്റിലായ മറ്റുള്ളവർ. സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക താവളങ്ങളുടെയും വീടുകളുടെ ഫോട്ടോകൾ ഇവർ ഇറാന് കൈമാറിയതായും ആരോപണമുണ്ട്.  

അതേസമയം ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ബുധനാഴ്ച ഇറാനില്‍ മൂന്ന് പേരെ തൂക്കിലേറ്റിയതായി മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസവും ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ തൂക്കിക്കൊന്നിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News