"ഹമാസിനെ എളുപ്പത്തിൽ നശിപ്പിക്കാനാവില്ല'- ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്

"നേതാക്കളെ പെട്ടെന്ന് വകവരുത്തി കാര്യങ്ങൾ തീർക്കണം; ഇല്ലെങ്കിൽ കൂടുതൽ സാധാരണക്കാർ ഹമാസിൽ ചേരും." - ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ്

Update: 2023-11-09 11:41 GMT
Editor : André | By : Web Desk
Advertising

ടോക്യോ: ഗസ്സ മുനമ്പിലെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കേണ്ടതെന്നും ഹമാസിനെ പൂർണമായി നശിപ്പിക്കുക എന്നത് എളുപ്പമല്ലെന്നും ഇസ്രായേലിനോട് യു.എസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൈനിക ഉപദേഷ്ടാവ് ജനറൽ ചാൾസ് ക്യു ബ്രൗൺ.

"ദൈർഘ്യമേറുന്നതിനനുസരിച്ച് കാര്യങ്ങൾ കൂടുതൽ കഠിനമാവുകയാണ് ചെയ്യുക.' - ജപ്പാൻ സന്ദർശിക്കാനെത്തിയ ചാൾസ് ക്യു ബ്രൗൺ, ഇസ്രായേലിന്റെ ​ഗസ്സ അധിനിവേശം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി ഒരു മാസം മുമ്പ് ചുമതലയേറ്റ ജനറൽ ചാൾസ് ഇതാദ്യമായാണ് ഗസ്സ അധിനിവേശത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നത്.

"മേഖലയിൽ ഭരണം നടത്തുന്ന ഹമാസ് തീവ്രവാദ സംഘത്തെ പൂർണമായി തകർക്കുക എന്നത് ദീർഘ സമയം എടുക്കുന്ന കാര്യമാണ്. എത്രയും വേഗം കാര്യങ്ങൾ തീർപ്പാക്കുന്നത് കൂടുതൽ സാധാരണക്കാർ പോരാട്ടത്തിൽ ചേരുന്നത് പരിമിതപ്പെടുത്താൻ സഹായിക്കും. ആക്രമണം അവസാനിപ്പിക്കാനുള്ള ഘട്ടത്തിലേക്ക് എത്രയും വേഗം എത്താനായാൽ ഹമാസിന്റെ അടുത്ത അംഗമാകാൻ ആളുകൾ ആഗ്രഹിക്കുന്ന സന്ദർഭം തടയാൻ നിങ്ങൾക്ക് കഴിയും.' ഹമാസിന്റെ മുതിർന്ന നേതൃത്വത്തെ ഇല്ലാതാക്കുന്നതിലാണ് ഇസ്രായേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അത് എത്രയും വേഗം നടപ്പാക്കണമെന്നും ജനറൽ ചാൾസ് കൂട്ടിച്ചേർത്തു. ഗസ്സ അധിനിവേശത്തിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രായേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിലും അധിനിവേശത്തിലും പതിനായിരത്തിലേറെ ആളുകൾക്ക് ജീവനഷ്ടമുണ്ടായതായി ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് ആക്രമണത്തിലും തുടർന്നുള്ള പോരാട്ടത്തിലുമായി സൈനികരടക്കം 1400 ഇസ്രായേലികൾ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ അറിയിച്ചു. ഗസ്സയിൽ സൈനിക അധിനിവേശം ആരംഭിച്ചതിനു ശേഷം തങ്ങളുടെ 39 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രായേൽ സമ്മതിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News