വിയറ്റ്നാമിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞു; കുട്ടികൾ ഉൾപ്പടെ 38 മരണം

കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

Update: 2025-07-20 07:14 GMT
Editor : നബിൽ ഐ.വി | By : Web Desk

ഹനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 38 പേർ മരിച്ചു. അപകടത്തിൽ നിരവധിപേരെ കാണാതായിട്ടുണ്ട്. വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാലോങ് ബേയിലാണ് അപകടമുണ്ടായത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്.

കനത്ത മഴയും മോശം കാലാവസ്ഥയെയും തുടർന്നാണ് ബോട്ട് മറിഞ്ഞത്. 48 വിനോദ സഞ്ചാരികളും അഞ്ച് ജീവനക്കാരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന 38 പേരുടെ മരണം സ്ഥിരീകരിച്ചെന്നും 10 പേരെ രക്ഷപ്പെടുത്തിയെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

കുട്ടികൾ ഉൾപ്പെടെ എല്ലാ വിനോദസഞ്ചാരികളും വിയറ്റ്നാമീസ് വംശജരാണെന്ന് ഔദ്യോഗിക വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബോർഡർ സെക്യൂരിറ്റി, നാവികസേനാംഗങ്ങൾ, പൊലീസ്, പ്രൊഫഷണൽ മുങ്ങൽ വിദഗ്ധർ എന്നിവരുൾപ്പെടെ ഡസൻ കണക്കിന് രക്ഷാപ്രവർത്തകരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടത്തിൽ വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ ദുഃഖം രേഖപ്പെടുത്തി. 'വിഫ' എന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റ് വടക്കൻ വിയറ്റ്നാമിലേക്ക് നീങ്ങുന്നുണ്ടെന്നും അടുത്ത ആഴ്ച ആദ്യം തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹനോയിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (125 മൈൽ) വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഹാലോങ് ബേ. എല്ലാ വർഷവും പതിനായിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2011ൽ ഹാലോങ് ഉൾക്കടലിൽ ഒരു വിനോദസഞ്ചാര ബോട്ട് മുങ്ങി വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 12 പേർ മരിച്ചിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News