'ടിക് ടോക് നിരോധനം താൽക്കാലികമായി നിർത്തലാക്കണം'; യുഎസ് സുപ്രിംകോടതിയോട് ട്രംപ്

നിരോധന നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്

Update: 2024-12-28 09:00 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിങ്ടൺ: ടിക് ടോക് നിരോധനം താൽക്കാലികമായി നിർത്തലാക്കമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. കമ്പനിയുമായി ചർച്ചകൾ നടത്തി ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി ഉണ്ടാവരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

സോളിസിറ്റർ ജനറലായി ട്രംപ് നിയമിച്ച ജോൺ സൗറാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ സമർപ്പിച്ചത്. ടിക് ടോക്കിലൂടെ തനിക്ക് കുറേ വോട്ടർമാർക്കിടയിലേക്ക് എത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ടിക് ടോകിന് കുറച്ചുകാലത്തേക്ക് കൂടി പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ലക്ഷക്കണക്കിന് പ്രതികരണങ്ങളാണ് ടിക് ടോക്കിലൂടെ തങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ട്രംപിന്റ പ്രതീക്ഷ. ടിക് ടോകിന് പ്രവർത്തിക്കാൻ ട്രംപ് അനുമതി നൽകുമെന്ന് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.

Advertising
Advertising

കഴിഞ്ഞ ഏപ്രിലില്‍ ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ടിക് ടോക്കിന്റെ നിരോധനവുമായി ബന്ധപ്പെട്ട് നിയമം പാസാക്കിയിരുന്നു. കമ്പനിയുടെ ഉടമസ്ഥതരായ ബൈറ്റ്ഡാൻസിന് ടിക് ടോക് വിൽക്കാൻ 270 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധി ജനുവരിയില്‍ അവസാനിക്കാനിരിക്കെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ടിക് ടോക്കിന്റെ സിഇഓയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ടിക് ടോക്കിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ക്യാമ്പയിന് നന്ദി പറഞ്ഞു കൊണ്ടായിരുന്നു കൂടിക്കാഴ്ച. ടിക് ടോക്കിന് തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ വലിയ പങ്കുണ്ടെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ കൊണ്ടുവന്ന നിരോധന നിയമമനുസരിച്ച് ജനുവരി 19 വരെയാണ് ടിക് ടോക്കിന് യുഎസില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. നിയമം കൊണ്ടുവന്നതിന് പിന്നാലെ ടിക് ടോക്ക് ഉടമകള്‍ നിയമം റദ്ദാക്കാന്‍ യുഎസ് കോടതിയെ സമീപിക്കുകയും കോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിക് ടോക്ക് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നുമായിരുന്നു യുഎസ് നീതിന്യായ വകുപ്പ് കോടതിയില്‍ വാദിച്ചത്. ഈ നിലപാടിനെ യുഎസിലെ ഭൂരിപക്ഷ നിയമനിര്‍മാതാക്കളും പിന്തുണച്ചിരുന്നു. അതേസമയം നീതിന്യായ വകുപ്പ് ടിക് ടോക്കിന്റെ പ്രവര്‍ത്തനത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ആപ്പിന്റെ യുഎസിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നത് യുഎസ് തന്നെയാണെന്നും കമ്പനി അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News