'വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം പുനരാരംഭിക്കും'; മുന്നറിയിപ്പുമായി ട്രംപ്
അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു
Donald Trump Photo| AP
തെൽ അവിവ്: വെടിനിർത്തൽ കരാർ ലംഘിച്ചാൽ, ഹമാസിനെതിരെ ഇസ്രായേലിന്‍റെ ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറാൻ എല്ലാ ശ്രമവും തുടരുമെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ ലംഘിച്ച് ഫലസ്തീനികകൾക്കു നേരെ വീണ്ടും ഇസ്രയേൽ സേനയുടെ ആക്രമണമുണ്ടായി.
ആയുധം അടിയറ വയ്ക്കാൻ ഹമാസ് തയാറായില്ലെങ്കിൽ എന്തുവേണമെന്ന് താൻ ആലോചിക്കുമെന്നും സിഎൻഎൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. കരാർപ്രകാരം ബന്ദികളുടെ മുഴുവൻ മൃതദേഹങ്ങളും വിട്ടുകിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവും പ്രതികരിച്ചു. എന്നാൽ അവശേഷിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനും വീണ്ടെടുക്കാനും ചില പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വൈകാതെ കരാർലക്ഷ്യം പൂർത്തീകരിക്കുമെന്ന് ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഇന്നലെ രണ്ട് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. ഇതോടെകൈമാറിയ മൃതദേഹങ്ങളുടെ എണ്ണം ഒമ്പതായി.കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ മൃതദേഹങ്ങളിലൊന്ന് ബന്ദിയുടേതല്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. അതേസമയം ഇസ്രായേൽ കൈമാറിയ 45 ഫലസ്തീനികളുടെ മൃതദേഹങ്ങളിൽ പലതും വികൃതമാക്കപ്പെട്ട നിലയിലാണെന്ന് ഗസ്സയിലെ ഫോറൻസിക് അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ചിലത് കണ്ണടച്ച് കൈകൾ ബന്ധിച്ച നിലയിലായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. പലരെയും വെടിവെച്ച് കൊല്ലുകയായിരുന്നെന്നാണ് സൂചന. വെടിനിർത്തൽ കരാർ ലംഘിച്ച് ഫലസ്തീനികൾക്ക് നേരെ ഇസ്രയേൽ സേന ഇന്നലെയും ആക്രമണം നടത്തി. ഗസ്സയലേക്കുള്ള സഹായ വസ്തുക്കളുടെ വിതരണത്തിനും ഇസ്രായേൽ നിയന്ത്രണം തുടരുകയാണ്.
ഭക്ഷണം, ഇന്ധനം, മെഡിക്കൽ സാധനങ്ങൾ എന്നിവയുമായി 300 ട്രക്കുകൾക്ക് മാത്രമാണ ഗസ്സയിലേക്ക് അനുമതി ലഭിച്ചത്. ബന്ദികളുടെ മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഗസ്സയിലേക്ക് മരുന്നും വൈദ്യോപകരണങ്ങളും ഉടൻ എത്തിക്കണമെന്ന് ലോകരോഗ്യ സംഘടന ആവശ്യപ്പെട്ടു.