ഒബാമ, ജയ്ശങ്കർ, ഷീ ജിൻപിങ്; ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ക്ഷണം ലഭിച്ചവരാരെല്ലാം?

പ്രസിഡൻ്റായി സ്ഥാനമേൽ‌ക്കുന്ന ദിവസം തന്നെ പല നിർ‌ണായക തീരുമാനങ്ങളും ട്രംപ് കൈക്കൊണ്ടേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്

Update: 2025-01-15 14:19 GMT

വാഷിങ്ടൺ: ലോകം ഉറ്റുനോക്കുന്ന ദിവസമാണ് ജനുവരി 20. അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡൊണാൾഡ‍് ട്രംപ് സ്ഥാനമേൽക്കുന്ന ദിവസമാണത്. പ്രസിഡൻ്റായി സ്ഥാനമേൽ‌ക്കുന്ന ദിവസം തന്നെ പല നിർ‌ണായക തീരുമാനങ്ങളും ട്രംപ് കൈക്കൊണ്ടേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ തലസ്ഥാനത്ത് ജനുവരി 20ന് ഇന്ത്യൻ സമയം 10:30നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. നിരവധി ലോക നേതാക്കളും സെലിബ്രറ്റികളുമാണ് ചടങ്ങിൽ പങ്കെടുക്കുക. അവർ ആരെല്ലാമെന്ന് പരിശോധിക്കാം. ‌‌

സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുക. സന്ദർശനവേളയിൽ പുതിയ ഭരണപ്രതിനിധികളുമായും പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.

Advertising
Advertising

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലൊണിക്ക് ഔദ്യോ​ഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് മെലോണി. ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിനും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ ചൈനയെ പ്രതിനിധീകരിച്ച് ഷീ ജിൻപിങ്ങിന് പകരം ഉന്നത ഉദ്യോ​ഗസ്ഥനായിരിക്കും ചടങ്ങിൽ പങ്കെടുക്കുക.

ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനും ക്ഷണം ലഭിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹം പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ട്രംപിന്റെ ഏറ്റവും അടുത്ത വിദേശ സഖ്യകക്ഷികളിൽ ഒരാളാണ് ഓർബൻ. നിയുക്ത പ്രസിഡന്റിന്റെ തീവ്ര നയങ്ങളുടെ പ്രധാന പിന്തുണക്കാരനാണ് അ​ദ്ദേ​ഹം. അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ 2023ലെ അട്ടിമറി ശ്രമത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പിടിച്ചെടുത്ത തന്റെ പാസ്‌പോർട്ട് തിരികെ ലഭിക്കാനുള്ള ശ്രമത്തിലാണ് അ​ദ്ദേഹം. ട്രംപിന്റെ വിജയത്തിൽ ആദ്യം അഭിനന്ദനം അറിയിച്ച ലോക നേതാക്കളിൽ ഒരാളായിരുന്നു എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ. അദ്ദേഹവും ചടങ്ങിൽ പങ്കെടുത്തേക്കും.

മുൻ യുഎസ് പ്രസിഡൻ്റുമാരായ ബരാക്ക് ഒബാമ, ജോർജ് ബുഷ്, ബിൽ ക്ലിൻ്റൺ, എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഫ്രാൻസിൽ നിന്നുള്ള തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് എറിക് സെമ്മോർ, യുകെയിലെ രാഷ്ട്രീയനേതവും ട്രംപിന്റെ ദീർഘകാല സഖ്യകക്ഷിയുമായ നിഗൽ ഫാരേജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ശതകോടീശ്വരൻമാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർ​ഗ്, ഓപൺ എഐ സിഇഒ സാം ആൾട്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതസമയം, ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും പങ്കെടുക്കും. 2020ല്‍ ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്ന് പരാജയപ്പെട്ട ട്രംപ് പങ്കെടുത്തിരുന്നില്ല. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News