ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; രാജ്യവ്യാപകമായി ബോംബ് ഷെല്‍ട്ടറുകള്‍ നിർമിക്കാനൊരുങ്ങി തുര്‍ക്കി
തുര്‍ക്കിഷ് ഹൗസിങ് ഡെവലപ്പ്മെന്റ് അഡ്മിനിസ്ടേഷന്റെ (ടിഒകെഐ) നേതൃത്വത്തിലാണ് കെട്ടിട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക
അങ്കാറ: രാജ്യത്തെ 81 പ്രവിശ്യകളായി ബോംബ് ഷെല്‍ട്ടറുകള്‍ നിർമിക്കാനൊരുങ്ങി തുര്‍ക്കി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ ജൂണ്‍ മാസത്തില്‍ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് ബോംബ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
തുര്‍ക്കിഷ് ഹൗസിങ് ഡെവലപ്പ്മെന്റ് അഡ്മിനിസ്ടേഷന്റെ (ടിഒകെഐ) നേതൃത്വത്തിലാണ് കെട്ടിട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 12 ദിവസങ്ങളോളം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ടര്‍ക്കിഷ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി ഒരു റിപ്പോര്‍ട്ട് തയ്യാറക്കിയിരുന്നു. ഇതുപ്രകാരം രാജ്യത്തുടനീളം മുന്നറിയിപ്പ് സംവിധാനങ്ങളും ആക്രമണങ്ങളെ നേരിടാനുള്ള ഷെല്‍ട്ടറുകളും സ്ഥാപിക്കാന്‍ ഏജന്‍സി ശിപാര്‍ശ ചെയ്തിരുന്നു.
ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഇസ്രായേലി പൗരന്മാര്‍ ബോംബ് ഷെല്‍ട്ടറുകളെ വ്യാപകമായി ആശ്രയിച്ചിരുന്നു. ഇത് മാതൃകയാക്കാനാണ് തുര്‍ക്കിയുടെ ശ്രമം. പൊതുജനങ്ങളുടെ സംരക്ഷണത്തിനായി നഗരങ്ങളിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശവുമുണ്ട്.
ദുരന്തങ്ങളുടേയും യുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സുരക്ഷിതമായ ഇടങ്ങള്‍ ഒരുക്കി നല്‍കാനാണ് ഈ പദ്ധതി വഴി ഉദ്ദേശിക്കുന്നതെന്നാണ് തുര്‍ക്കി മാധ്യമമായ എന്‍ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി നഗരവത്കരണ മന്ത്രാലയം ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മാതൃകകള്‍ പഠനവിധേയമാക്കിയിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ അങ്കാറയില്‍ ഇതിനകം ഷെല്‍ട്ടറുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
1987ല്‍ നിലവില്‍ വന്ന തുര്‍ക്കിയിലെ ഷെല്‍ട്ടര്‍ റെഗുലേഷന്‍ പ്രകാരം നിശ്ചിത വലുപ്പത്തിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഷെല്‍ട്ടറുകള്‍ വേണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. കൂടാതെ പല ഷെല്‍ട്ടറുകളും പാര്‍ക്കിങ് ഏരിയകളോ സംഭരണശാലകളോ ആയി മാറ്റുകയാണ് പതിവ്.