Writer - അൻഫസ് കൊണ്ടോട്ടി
anfas123
റജബ് ത്വയ്യിബ് ഉർദുഗാൻ Photo|Special Arrangement
അങ്കാറ: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. അന്താരാഷ്‌ട്ര ജലാശയത്തിൽ നിരപരാധികൾക്കെതിരായ ഇസ്രായേൽ നടപടി, ഗസ്സയിലെ വംശഹത്യയെ മറച്ചുപിടിക്കാനുള്ള ഭ്രാന്തമായ ശ്രമമായിരുന്നുവെന്നും ഉർദുഗാൻ പറഞ്ഞു. ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് (എകെ) പാർട്ടി പ്രവിശ്യാ തലവന്മാരുടെ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വംശഹത്യയ്ക്കായി വെറിപിടിച്ചുനടക്കുന്ന നെതന്യാഹു സർക്കാരിന് സമാധാനം സ്ഥാപിക്കാനുള്ള ചെറിയ അവസരങ്ങളോട് പോലും സഹിഷ്ണുതയില്ല. വംശഹത്യയോടുള്ള ഇസ്രായേലിന്റെ തീവ്രമായ അനുരാഗം ലോകത്തിന് കാട്ടിക്കൊടുക്കുന്നതിൽ ഫ്ലോട്ടില വിജയിച്ചിരിക്കുന്നു.' ഉർദുഗാൻ പറഞ്ഞു.
'എന്തുതന്നെ സംഭവിച്ചാലും ഫലസ്തീനിലുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ ഞങ്ങൾ ഉപേക്ഷിക്കില്ല. വെടിനിർത്തൽ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനും ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗസ്സ സിറ്റിയിലും മറ്റും ആക്രമണം വിപുലപ്പെടുത്തിയ ഇസ്രായേൽ ഇന്നലെ മാത്രം 48പേരെ കൊന്നൊടുക്കി. യുഎസ് പ്രസിഡൻറ്ഡോണാൾഡ് ട്രംപ് മന്നോട്ടുവെച്ച ഇരുപതിന പദ്ധതിയിൽ ഹമാസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. തുർക്കി, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്ന ഹമാസ്, ഇരുപതിന പദ്ധതിയിൽ തങ്ങളുടെ തീരുമാനം ഉടൻ ഉണ്ടാകമെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഫ്ലോട്ടിലയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്നും പൗരന്മാർക്ക് ഒരു ദോഷവും വരാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉർദുഗാൻ യോഗത്തിൽ പറഞ്ഞു.