ബോറിസ് ജോൺസണ്‍ പുറത്തേക്ക്; പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവെക്കും

മന്ത്രിമാരുടെയും എംപിമാരുടെയും കൂട്ടരാജിയെ തുടർന്നാണ് തീരുമാനം

Update: 2022-07-07 10:41 GMT
Advertising

ലണ്ടന്‍: ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. മന്ത്രിമാരുടെയും എംപിമാരുടെയും കൂട്ടരാജിയെ തുടർന്നാണ് തീരുമാനം. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ബോറിസ് ജോൺസൺ ഒഴിയും. അടുത്ത പ്രധാനമന്ത്രിയെ പാര്‍ട്ടി തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ വരെ കാവല്‍ പ്രധാനന്ത്രിയായി തുടരാന്‍ ബോറിസ് ജോണ്‍സണ്‍ തീരുമാനിച്ചതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.ബോറിസ് ജോണ്‍സണ്‍ ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും.

കുറച്ചുകാലമായി ബ്രിട്ടണില്‍ ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. ബോറിസ് ജോണ്‍സണെ വിശ്വാസമില്ല എന്നാണ് രാജിവെച്ച എംപിമാരുടെ പ്രതികരണം. കഴിഞ്ഞ കോവിഡ് കാലത്ത്  മദ്യപാര്‍ട്ടി നടത്തിയത് വലിയ വിവാദമായിരുന്നു. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരും മന്ത്രിമാരും വരെ എതിരായി. ആദ്യ ഘട്ടത്തില്‍ മദ്യപാര്‍ട്ടി നടന്നിട്ടില്ലെന്ന് പറഞ്ഞ ബോറിസ് ജോണ്‍സണ് പിന്നീട് തെളിവുകള്‍ പുറത്തുവന്നതോടെ പരസ്യമായി മാപ്പ് പറയേണ്ടിവന്നു.

പിന്നാലെ ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിശ്വാസ വോട്ടെടുപ്പ് മറുകടന്നു.ഒരു മാസത്തിന് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായത്.

ഏറ്റവും ഒടുവില്‍ ഡപ്യൂട്ടി ചീഫ് വിപ്പുമായി ബന്ധപ്പെട്ട ലൈംഗികാരോപണം കൂടി വന്നതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പ്രതിഷേധം ബോറിസ് ജോണ്‍സണ് നേരിടേണ്ടിവന്നു. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൺ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്, സാജിദ് ജാവിദ് എന്നിവര്‍ രാജിവെച്ചത്. പിന്നാലെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ രാജിവെച്ചവരുടെ എണ്ണം 50 ആയി. ഇതോടെയാണ് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ആടി ഉലയാന്‍ തുടങ്ങിയത്. 

സർക്കാർ കാര്യക്ഷമതയോടെയും ഗൗരവത്തോടെയും മുന്നോട്ടുപോകണമെന്നാണു ജനം ആഗ്രഹിക്കുന്നതെന്നും എന്നാൽ, ഈ രീതിയിൽ തുടരാനാകില്ലെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു. ദേശീയ താൽപര്യത്തോടെ നയിക്കാനുള്ള ബോറിസ് ജോൺസന്റെ കഴിവിൽ വിശ്വാസം നഷ്ടപ്പെട്ടതാണു രാജിക്കു കാരണമെന്നു സാജിദ് ജാവിദ് അറിയിച്ചു. 2019ലാണ് 58കാരനായ ജോൺസൺ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും ഒടുവില്‍ ബോറിസ് ജോണ്‍സണ്‍ നിയമിച്ച ധനകാര്യമന്ത്രി നദിം സഹാവി ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു എന്നതാണ് ശ്രദ്ധേയം.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News