Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആഗോളവത്കരണത്തിന് അന്ത്യമായതായി സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
പകരച്ചുങ്കം, പ്രഥമസ്ഥാനത്ത് അമേരിക്ക തുടങ്ങി ട്രംപ് പുലര്‍ത്തുന്ന കര്‍ശനനയങ്ങള്‍ വ്യാപാരയുദ്ധത്തിലേക്ക് നയിക്കാനും ആഗോളവിപണിയില്‍ അനിശ്ചിതത്വം ഉടലെടുക്കാനുമുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയ്ക്ക് സ്റ്റാര്‍മര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനു പിന്നാലെയാണ് രാഷ്ട്രങ്ങള്‍ക്കിടയിലെ സാമ്പത്തിക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താമെന്ന ആശയവുമായി ആഗോളവത്കരണം പ്രചരിക്കാനാരംഭിച്ചത്.
വ്യാപാരയുദ്ധമാണ് എല്ലാത്തിനുമുള്ള പരിഹാരമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും വ്യത്യസ്തമായൊരു പരിഹാരമാര്‍ഗ്ഗമുണ്ടെന്ന് തെളിയിക്കാനുള്ള അവസരമുണ്ടെന്നും സ്സ്റ്റാര്‍മര്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പകരം തീരുവ പ്രഖ്യാപനത്തോടെ വിപണി കുത്തനെ ഇടിഞ്ഞത് ലോകരാഷ്ട്ര തലവന്മാർക്കിടയിലും വോട്ടർമാർക്കിടയിലും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്റ്റാർമറിന്റെ പ്രസംഗം ട്രംപിന്റെ നയങ്ങൾക്കെതിരായ ഒരു ലോകനേതാവിന്റെ ശക്തമായ ഇടപെടലാകുമെന്നാണ് കരുതുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അമേരിക്കയില്‍ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ 50 സ്റ്റേറ്റുകളില്‍ പ്രതിഷേധം നടന്നു. അയല്‍ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലും വന്‍ പ്രതിഷേധങ്ങള്‍ നടന്നു. ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം.