Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ ഫലസ്തീൻ ആക്ഷനെ യുകെ സർക്കാർ ഔദ്യോഗികമായി നിരോധിച്ച് മണിക്കൂറുകൾക്ക് ശേഷം പുതുതായി നടപ്പിലാക്കിയ നിരോധനം ലംഘിച്ചതിന് 83 വയസ്സുള്ള ഒരു വിരമിച്ച പുരോഹിതയെ അറസ്റ്റ് ചെയ്ത് യുകെ പൊലീസ്. 'വംശഹത്യയെ എതിർക്കുന്നു. ഫലസ്തീൻ ആക്ഷനെ പിന്തുണക്കുന്നു' എന്ന പ്ലക്കാർഡ് കൈവശം വെച്ചതിനാണ് ബ്രിസ്റ്റലിൽ നിന്നുള്ള റവറന്റ് സൂ പർഫിറ്റിനെ കസ്റ്റഡിയിലെടുത്തത്. വിലക്കിനെതിരെ പ്രതിഷേധിച്ചതിന് ശനിയാഴ്ച അറസ്റ്റിലായ 27-ലധികം പേരിൽ അവരും ഉൾപ്പെടുന്നു.
പർഫിറ്റിന്റെ അറസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഒരു ഉപയോക്താവ് ഇതിനെ 'സ്വേച്ഛാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരായ അടിച്ചമർത്തൽ' എന്നാണ് വിശേഷിപ്പിച്ചത്. മറ്റൊരാൾ അവരെ 'ഒരു ഹീറോ' എന്ന് വിളിക്കുന്നത് ഇപ്പോൾ നിയമവിരുദ്ധമാണോ എന്ന് ചോദിച്ചു.
ഫലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി മുദ്രകുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമപരമായി പ്രാബല്യത്തിൽ വന്ന ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് പുരോഹിതയെ കസ്റ്റഡിയിലെടുത്തത്. ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ പിന്തുണക്കുകയോ അതിൽ അണിചേരുകയോ ചെയ്യുന്നത് ഇപ്പോൾ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗസ്സയിൽ വംശഹത്യ യുദ്ധം നടത്തുന്നതിന് വേണ്ടി ഇസ്രായേലിലേക്ക് ആയുധ വ്യാപാരം തടയുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് ഫലസ്തീൻ ആക്ഷൻ. ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ച നടപടിക്കെതിരെ നടന്ന പ്രതിഷേധത്തിൽ 29 പേരെ അറസ്റ്റ് ചെയ്തതായി യുകെ പൊലീസ്.