'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ തന്നെ': ബ്രിട്ടനെ കണക്ക് പഠിപ്പിക്കാനൊരുങ്ങി സുനക്

വിദ്യാർഥികൾക്ക് 18 വയസ്സുവരെ കണക്ക് നിർബന്ധമാക്കാനൊരുങ്ങുകയാണ് സർക്കാർ

Update: 2023-04-18 09:58 GMT
Advertising

 ലണ്ടൻ: കണക്ക് അറിയില്ലെന്ന് ബ്രിട്ടീഷുകാർ ഇനി പറയരുതെന്ന് പ്രധാനമന്ത്രി ഋഷി സുനക്. കണക്ക് അറിഞ്ഞിരിക്കേണ്ടത് രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്നാണ് സുനകിന്റെ പക്ഷം. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് 18 വയസ്സുവരെ കണക്ക് നിർബന്ധമാക്കാനൊരുങ്ങുകയാണ് സർക്കാർ.

ജനുവരിയിൽ രാജ്യത്ത് കണക്കിനോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് സുനക് നയപ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുചടങ്ങിൽ രാജ്യത്തെ 'ആന്റി-മാത്' സമീപനം മാറ്റാൻ സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളുടെ വിശദമായ വിവരണം നടത്തിയിരിക്കുകയാണ് സുനക്.

വായിക്കാനറിയില്ല എന്ന് പറയുന്നതിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുവോ അത്രയും തന്നെ പ്രാധാന്യം കണക്കറിയില്ല എന്ന് പറയുന്നതിനും കൊടുക്കണമെന്നാണ് സുനക് പറയുന്നത്. കണക്കിനോടുള്ള അഭിരുചി വർധിപ്പിക്കുന്നതിനായി നാല് ഘട്ടങ്ങളായാണ് പദ്ധതി ആവിഷ്‌കരിക്കുക. ഇതിനായി മാത്സ് ഹബ്ബുകൾ ഉൾപ്പടെ ഏർപ്പെടുത്തും. കണക്ക് പഠിപ്പിക്കുന്നതിന് അധ്യാപകർ പ്രത്യേക യോഗ്യത നേടണം. പദ്ധതി നടപ്പാക്കാൻ സർക്കാരിനെ സഹായിക്കുന്നതിന് ഗണിതശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.

"കണക്ക് ഒരു രാജ്യത്തിന്റെ വളർച്ചയെ വളരെ കാര്യമായി തന്നെ ബാധിക്കും. എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുന്നത് കണക്കിലൂടെയേ സാധ്യമാകൂ. കണക്കിന്റെ സാധ്യതകൾ ഒട്ടും ഉപയോഗപ്പെടുത്താത്ത രാജ്യമാണ് ബ്രിട്ടൻ. കണക്ക് എനിക്ക് പറ്റിയ പണിയല്ല എന്നൊക്കെ നമ്മൾ തമാശ പറയും. എന്നാൽ വായിക്കാനറിയില്ല എന്നാരെങ്കിലും തമാശ പറയുമോ? കണക്ക് അറിയില്ല എന്ന് പറയുന്നത് അത്രയും തന്നെ പ്രാധാന്യത്തോടെ കാണണം. അതിന് പരിഹാരവുമുണ്ടാകണം". സുനക് പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News