'റഷ്യയുമായുള്ള വ്യാപാരബന്ധങ്ങളെല്ലാം അവസാനിപ്പിക്കൂ'; യൂറോപ്യൻ നേതാക്കളോട് സെലൻസ്‌കി

'റഷ്യയ്ക്ക് മുന്നിൽ എല്ലാ തുറമുഖങ്ങളും അടയ്ക്കുക, ഊർജ വിഭവങ്ങൾ നിഷേധിക്കുക, യുക്രൈനിൽ നിന്ന് പിന്മാറാൻ റഷ്യയെ പ്രേരിപ്പിക്കുക' സെലൻസ്‌കി ആവശ്യപ്പെട്ടു

Update: 2022-03-21 16:34 GMT

റഷ്യയുമായുള്ള എല്ലാ വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ നേതാക്കളോട് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യരുതെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലന്‍സ്കിയുടെ അഭ്യര്‍ഥന.

"റഷ്യയ്ക്ക് മുന്നില്‍ എല്ലാ തുറമുഖങ്ങളും അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ വിഭവങ്ങള്‍ നിഷേധിക്കുക. യുക്രൈനില്‍ നിന്ന് പിന്മാറാന്‍ റഷ്യയെ പ്രേരിപ്പിക്കുക," സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. എന്നാല്‍ റഷ്യന്‍ ഊര്‍ജ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തുന്നതിനെ ജര്‍മ്മനി എതിര്‍ത്തു. യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനും റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം കര്‍ശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ബ്രസ്സല്‍സില്‍ യോഗം ചേര്‍ന്നിരുന്നു.   

Advertising
Advertising

അതേസമയം, റഷ്യ- യുക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയില്ലെന്നാണ് റഷ്യയുടെ പ്രതികരണം. സ്വീകാര്യമല്ലാത്ത നിർദേശങ്ങൾ നൽകുക വഴി സമാധാന ചർച്ചകൾ സ്തംഭിപ്പിക്കാനാണ് യുക്രൈന്‍ ശ്രമിക്കുന്നതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകളിലൂടെ ഒരു സമവായത്തിലെത്താൻ യുക്രൈനേക്കാൾ കൂടുതൽ സന്നദ്ധത റഷ്യ കാണിക്കുന്നുണ്ടെന്നാണ് പെസ്‌കോവിന്‍റെ വാദം. 

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും യുക്രൈന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് അടിത്തറയൊരുക്കണമെങ്കിൽ ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടാകേണ്ടതുണ്ട്. യുക്രൈനുമേല്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കാൻ കഴിയുന്നവർ ചർച്ചകൾക്ക് കൂടുതൽ പുരോഗതിയുണ്ടാക്കാൻ സഹായിക്കണമെന്നും ക്രെംലിന്‍ വക്താവ് ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് തയാറാണെന്നും എന്നാല്‍,  റഷ്യയുടെ അന്ത്യശാസനം അനുസരിച്ച് കീഴടങ്ങില്ലെന്നുമാണ് യുക്രൈന്‍റെ നിലപാട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News