ഇറാൻ നിർമിത റഷ്യൻ ഡ്രോണുകൾ തകർത്ത് യുക്രൈൻ; ഷെഹീദുകളെ വെടിവെച്ചിട്ടെന്ന് സെലൻസ്‌കി

മാസങ്ങൾ നീണ്ട പ്രതിരോധത്തിനുശേഷം വീണ്ടും യുക്രൈനെ കീഴടക്കാനുള്ള ശ്രമങ്ങൾ റഷ്യ തുടരുകയാണ്

Update: 2022-12-14 12:11 GMT
Editor : banuisahak | By : Web Desk

കീവ്: റഷ്യ തുടർച്ചയായി ആക്രമണങ്ങൾ നടത്തുമ്പോഴും ആത്മവിശ്വാസത്തിന്റെ ഒരു കുറവും വരുത്താതെ ചെറുത്തുനിൽക്കുകയാണ് യുക്രൈൻ. ഇപ്പോഴിതാ റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിൽ വിക്ഷേപിച്ച ഡ്രോണുകൾ തകർത്തതായാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്. ഇറാൻ നിർമിത ഡ്രോണുകളാണ് വെടിവച്ചിട്ടതെന്ന് സൈന്യം പറയുന്നു. 

ബുധനാഴ്ച പുലർച്ചെയാണ് റഷ്യയുടെ പുതിയ ആക്രമണമുണ്ടായത്. നിയമപാലകരും എമർജൻസി സർവീസ് പ്രവർത്തകരും പ്രദേശത്ത് പരിശോധന നടത്തുന്നതായും ലോഹ ശകലങ്ങൾ കണ്ടെത്തിയതായും എഎഫ്‌പി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. 

Advertising
Advertising

13 ഷഹീദുകളുമായാണ് ഭീകരർ ആക്രമണം തുടങ്ങിയതെന്ന് ഇറാൻ നിർമ്മിത ആയുധങ്ങളെ പരാമർശിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഈ പതിമൂന്നെണ്ണവും യുക്രൈൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം നിരന്തരമുള്ള വ്യോമാക്രമണ സൈറണുകൾ കേട്ടാണ് കീവിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. അടിക്കടിയുള്ള വ്യോമാക്രമണങ്ങൾക്കും കീവ് സാക്ഷ്യം വഹിച്ചു. ഏകദേശം പത്ത് മാസത്തോളമായി ഇതേ അവസ്ഥ തന്നെയാണ് തുടരുന്നത്; സെലെൻസ്‌കി കൂട്ടിച്ചേർത്തു. 

അതേസമയം, ഡ്രോണുകൾ തകർത്തതിന് യുക്രൈൻ എയർ ഡിഫൻസ്, ഇലക്ട്രോണിക് വാർഫെയർ യൂണിറ്റുകളെ കീവ് മേഖലാ ഉദ്യോഗസ്ഥർ പ്രശംസിച്ചു. നിലവിലെ സാഹചര്യത്തിൽ യുക്രൈന് വാഷിങ്ങ്ടണിനെ ആശ്രയിക്കുന്നത് തുടരാമെന്ന് യുക്രൈനിലെ യുഎസ് അംബാസഡർ ബ്രിഡ്ജറ്റ് ബ്രിങ്ക് അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് കൂടുതൽ പിന്തുണ നൽകുമെന്നും ബ്രിങ്ക് അറിയിച്ചു. 

മാസങ്ങൾ നീണ്ട പ്രതിരോധത്തിനുശേഷം വീണ്ടും യുക്രൈനെ കീഴടക്കാനുള്ള ശ്രമങ്ങൾ റഷ്യ തുടരുകയാണ്. കഴിഞ്ഞ ആഴ്ച കിഴക്കൻ യുക്രൈൻ നഗരമായ ബഖ്മുതിൽ റഷ്യ കനത്ത നാശമാണ് ഉണ്ടാക്കിയത്. നാല് യുക്രൈൻ പ്രവിശ്യകൾ കേന്ദ്രീകരിച്ച് വ്യാപക മിസൈൽ, റോക്കറ്റ്, വ്യോമാക്രമണങ്ങളാണ് റഷ്യ നടത്തിവരുന്നത്. യുക്രൈൻ അധിനിവേശം ഒമ്പതരമാസം പിന്നിട്ടതോടെ പുതിയ യുദ്ധതന്ത്രങ്ങൾ മെനയുകയാണ് റഷ്യ. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News