'ട്രംപ് യുക്രൈനെ റഷ്യക്ക് കീഴടങ്ങാൻ പ്രേരിപ്പിക്കുന്നു'; സൈനിക സഹായം നിർത്താനുള്ള തീരുമാനത്തെ ശക്തമായി അപലപിച്ച് യുക്രൈൻ

റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രൈന് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി സൈനിക സഹായം നിർത്തുന്നതായി യുഎസ് പ്രഖ്യാപിച്ചത്

Update: 2025-03-04 10:15 GMT
Editor : സനു ഹദീബ | By : Web Desk

കീവ്: യുക്രൈനുള്ള സൈനിക സഹായം താത്കാലികമായി നിർത്തിയ നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ച് യുക്രൈൻ സർക്കാർ. അമേരിക്കയുടെ നടപടി യുക്രൈനെ റഷ്യക്ക് കീഴടങ്ങുന്നതിലേക്ക് തെളിവിടുകയാണെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. യുഎസും യുക്രൈനും തമ്മിലുള്ള പ്രശ്ങ്ങൾക്ക് പരിഹാരം കാണുന്നത് വരെ സൈനിക സഹായം താത്കാലികമായി നിർത്താനാണ് അമേരിക്കയുടെ തീരുമാനം.

"സഹായം മരവിപ്പിക്കൽ വളരെ മോശമായ പ്രവർത്തിയാണ്. ട്രംപ് യുക്രൈനെ കീഴടങ്ങലിലേക്ക് തള്ളിവിടുന്നതായി തോന്നുന്നു," യുക്രൈന്റെ പാർലമെന്ററി വിദേശകാര്യ കമ്മിറ്റിയുടെ ചെയർമാൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ യുക്രൈന് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുദ്ധത്തിനുള്ള സൈനിക സഹായം നിർത്തുന്നതായി യുഎസ് പ്രഖ്യാപിച്ചത്. എന്നാൽ റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന ട്രംപിന്റെ ആവശ്യം സെലൻസ്കിയെ ചൊടിപ്പിച്ചിരുന്നു.

അമേരിക്കൻ ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും യുക്രൈൻ പ്രസിഡൻറ്​ വോളോഡിമർ സെലൻസ്​കിയും തമ്മിൽ കഴിഞ്ഞയാഴ്​ച ട്രംപി​ന്റെ ഓവൽ ഓഫീസിൽ വെച്ച്​ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ അമേരിക്ക കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന്​ വൈറ്റ്​ ഹൗസ്​ ഉദ്യോഗസ്​ഥൻ സ്​ഥിരീകരിച്ചു. അമേരിക്കയുടെ പിന്തുണയ്ക്ക് സെലെൻസ്‌കി ‘കൂടുതൽ നന്ദിയുള്ളവനായിരിക്കണമെന്ന് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം എത്തിയത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News