Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: ദക്ഷിണ സുഡാൻ പൗരൻമാർക്ക് അനുവദിച്ച വിസ റദ്ദാക്കി അമേരിക്ക. പുതുതായി ആർക്കും വിസ നൽകേണ്ടതില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഉത്തരവിട്ടു. കുടിയേറ്റ നിയമത്തിന്റെ പേരിൽ പുറത്താക്കിയവരെ സ്വീകരിക്കാത്തതിന്റെ പേരിലാണ് നടപടി.
കുടിയേറ്റ നിയമം കർശനമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി സഹകരിക്കേണ്ടത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് അമേരിക്കൻ നിലപാട്. ആഭ്യന്തര കലാപങ്ങളാൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് ദക്ഷിണ സുഡാൻ.
അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതത് രാജ്യങ്ങള്‍ വേഗത്തില്‍ സ്വീകരിക്കണമെന്ന് യുഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് പാലിക്കാത്ത രാജ്യങ്ങള്‍ വിസ ഉപരോധങ്ങളും താരിഫുകളും നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടതോടെയാണ് പുതിയ നടപടി.
യുഎസ് ഭരണകൂടത്തിന്റെ നിര്‍ദേശം പാലിക്കുന്നതില്‍ ദക്ഷിണ സുഡാന്‍ പരാജയപ്പെട്ടുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. അതുകൊണ്ടു തന്നെ യുഎസ് വിസ കൈവശം വെച്ചിരിക്കുന്ന മുഴുവന്‍ പൗരന്മാരുടേയും വിസ റദ്ദാക്കപ്പെടും. ഭാവിയില്‍ യുഎസ് വിസയ്ക്കായി അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകളും നിരസിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.