യുക്രൈനുള്ള സൈനിക സഹായം നിർത്തി അമേരിക്ക

പ്രശ്​നത്തിന്​ പരിഹാരം കാണും വരെ സഹായം താൽക്കാലികമായി നിർത്തും

Update: 2025-03-04 02:29 GMT

വാഷിങ്​ടൺ: യുക്രൈനുള്ള സൈനിക സഹായം അമേരിക്ക തൽക്കാലികമായി നിർത്തിയെന്ന്​​ റിപ്പോർട്ട്​. അമേരിക്കൻ ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും യുക്രൈൻ പ്രസിഡൻറ്​ വോളോഡിമർ സെലൻസ്​കിയും തമ്മിൽ കഴിഞ്ഞയാഴ്​ച ട്രംപി​െൻറ ഓവൽ ഓഫീസിൽ വെച്ച്​ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയാണ്​ അമേരിക്ക കടുത്ത നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന്​ വൈറ്റ്​ ഹൗസ്​ ഉദ്യോഗസ്​ഥൻ സ്​ഥിരീകരിച്ചു. പ്രശ്​നത്തിന്​ പരിഹാരം കാണും വരെ യുഎസ്​ സഹായം താൽക്കാലികമായി നിർത്തും.

യുക്രൈനിലേക്ക്​ അയക്കാൻ ഉദ്ദേശിച്ചിരുന്ന എല്ലാ സൈനിക ഉപകരണങ്ങളും തൽക്കാലം നൽകില്ല. യുക്രൈനയിലേക്കുള്ള പല ആയുധങ്ങളും പോളണ്ടിലുണ്ട്​. ഇത്​ അവിടത്തന്നെ സൂക്ഷിക്കും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് സഹായം താൽക്കാലികമായി നിർത്താൻ ട്രംപ് ഉത്തരവിട്ടതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

യുക്രൈനിനുള്ള സൈനിക സഹായം നിർത്തലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ അമേരിക്കയുടെ പിന്തുണയ്ക്ക് സെലെൻസ്‌കി ‘കൂടുതൽ നന്ദിയുള്ളവനായിരിക്കണമെന്നും’ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. യുക്രൈൻ-റഷ്യ യുദ്ധം മൂന്ന്​ വർഷം പിന്നിടു​േമ്പാൾ അമേരിക്ക യുക്രൈന്​ കോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടുണ്ട്.

യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് ട്രംപും സെലൻസ്കിയും കഴിഞ്ഞായഴ്​ച പരസ്പരം ഏറ്റുമുട്ടിയത്. വാഗ്വാദത്തിന് പിന്നാലെ ധാതു കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിപ്പോയി. ഇരുവരും നടത്താനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനവും റദ്ദാക്കി.

റഷ്യന്‍ യുദ്ധവുമായി ബന്ധപ്പെട്ടും ധാതു കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് വാഗ്വാദം. റഷ്യയുമായുള്ള സമാധാന കരാരിൽ അമേരിക്ക നിർദേശിക്കുന്ന ഏത് നിബന്ധനയും അനുസരിക്കണമെന്ന ആവശ്യമാണ് സെലൻസ്കിയെ ചൊടിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി വേണമെന്ന് ട്രംപ് രൂക്ഷമായി പറഞ്ഞു. സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോ എന്നും ട്രംപ് ചോദിച്ചു.

റഷ്യൻ ​പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി വിട്ടുവീഴ്ച പാടില്ലെന്നും അമേരിക്ക ബാധ്യത നിറവേറ്റാൻ തയ്യാറാകണമെന്നും സെലൻസ്കി തിരിച്ചടിച്ചു. വേണ്ടി വന്നാൽ യുക്രൈനെ കൈയൊഴിയുമെന്ന് ട്രംപും വൈസ് പ്രസിഡന്‍റ് വാൻസും മുന്നറിയിപ്പ് നൽകി. തർക്കത്തിന് പിന്നാലെ സെലൻസ്കി വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോയി. ട്രംപ്‌ ഏറെ താൽപ്പര്യപ്പെട്ട യുക്രൈനിലെ ധാതുസമ്പത്ത്‌ കൈമാറൽ കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്. ഇതിന്​ പിന്നാലെ റഷ്യ യുക്രൈന്​ മേൽ ആക്രമണം കടുപ്പിച്ചിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News