ഇസ്രായേലിനെ വിമർശിച്ചതിന് അമേരിക്കയുടെ ഉപരോധം; ആരാണ് ഫ്രാൻസിസ്ക ആൽബനീസ്?
ഫലസ്തീൻ പ്രവിശ്യകളിലെ മനുഷ്യാവകാശങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയ പ്രത്യേക റാപ്പോർട്ടർ ഫ്രാൻസിസ്ക ആൽബനീസിനെതിരെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ നടപടി.
തങ്ങൾക്കോ അടുപ്പക്കാർക്കോ ഇഷ്ടമില്ലാത്തവരെ, അത് രാജ്യങ്ങളോ വ്യക്തികളോ ഒക്കെ ആകാം, അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുക എന്നതൊരു അമേരിക്കയുടെ ഒരു സ്ഥിരം കലാപരിപാടിയാണ്. പ്രത്യേകിച്ചും ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത്... അടുത്തിടെ, അന്താരാഷ്ട്ര ക്രിമിനൽ കോടതി ജഡ്ജിമാർക്കെതിരെ ട്രംപ് ഉപരോധം ഏർപ്പെടുത്തിയത് അതിന്റെ ഭാഗമായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായിരുന്നു അന്ന് ട്രംപിന്റെ ചൊടിപ്പിച്ചത്. ആ പട്ടികയിലേക്ക് ഇപ്പോഴിതാ പുതിയൊരു പേരുകൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ഫലസ്തീൻ പ്രവിശ്യകളിലെ മനുഷ്യാവകാശങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയ പ്രത്യേക റാപ്പോർട്ടർ ഫ്രാൻസിസ്ക ആൽബനീസിനെതിരെയാണ് ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ നടപടി.
അഭിഭാഷകയും അന്താരാഷ്ട്ര നിയമത്തിൽ അക്കാദമിക വിദഗ്ധയുമായ ഫ്രാൻസിസ്ക ആൽബനീസ് 2022 ലാണ് യു എന്നിന്റെ ഫലസ്തീനിലേക്കുള്ള പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെടുന്നത്. പ്രധാനമായും വെസ്റ്റ് ബാങ്ക്, ഗസ്സ ഉൾപ്പെടെയുള്ള ഫലസ്തീൻ മേഖലകളിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ നിരീക്ഷിക്കുകയും യു എന്നിന് റിപ്പോർട്ട് സമർപ്പിക്കുകയുമാണ് ഫ്രാൻസിസ്കയുടെ ചുമതലകൾ. ഇസ്രായേലി അധിനിവേശത്തിന് കീഴിൽ ഫലസ്തീനികളുടെ അവസ്ഥ പരിശോധിക്കുക എന്ന യു എന്നിന്റെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നു ആ നിയമനം.
ചുമതല ഏറ്റെടുത്തതുമുതൽ ഇന്നുവരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രൂക്ഷഭാഷയിലാണ് ഫ്രാൻസിസ്ക വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഗസ്സയിലെ ഇസ്രായേലി നടപടികളെ വംശഹത്യ എന്ന് വിളിക്കാൻ ഫ്രാൻസിസ്ക ഒരിക്കലും മടിച്ചിരുന്നില്ല. 2024ൽ യു എൻ മനുഷ്യാവകാശ കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ഇസ്രായേലിന്റെ നടപടികൾ വംശഹത്യനാണെന്ന് വിശ്വസിക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് ഫ്രാൻസിസ്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊക്കെ ഇസ്രയേലിന്റെയും അവരുടെ രക്ഷകരായ അമേരിക്കയുടെയും എതിർപ്പ് ഫ്രാന്സിസിക്കയ്ക്ക് നേടികൊടുത്തിട്ടുമുണ്ട്.
ആ വിയോജിപ്പ് തന്നെയാണ് അമേരിക്കയുടെ ഉപരോധ നടപടിയുടെ അടിസ്ഥാനവും. ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തുന്നു എന്ന ഫ്രാൻസിസ്കയുടെ റിപ്പോർട്ടുകളെയും പ്രസ്താവനകളെയും ഉദ്ധരിച്ചാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലവിലെ ഉത്തരവ്.
2025 ജൂണിൽ സമർപ്പിച്ച റിപ്പോർട്ടിൽ, ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണയ്ക്കുന്ന ആയുധ നിർമ്മാതാക്കളും ബാങ്കുകളും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കോർപ്പറേഷനുകളെ ഫ്രാൻസിസ്ക പേരെടുത്ത് പരാമർശിച്ചിരുന്നു. യു എസ് ടെക് ഭീമന്മാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരുകളും ആ പട്ടികയിലുണ്ടായിരുന്നു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രായേൽ സൈനിക നടപടികൾക്ക് കുടപിടിക്കുന്നതിലൂടെ ഈ വമ്പന്മാരും നേട്ടം കൊയ്യുകയാണ് എന്നായിരുന്നു ഫ്രാൻസിസ്‌ക്കയുടെ റിപ്പോർട്ട്. കൂടാതെ, യു എൻ അംഗരാജ്യങ്ങളോട് ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്താനും സൈനിക വ്യാപാരം നിർത്താനും അവർ ആവശ്യപ്പെട്ടിരുന്നു.
ഗസ്സയിലെ യുദ്ധക്കുറ്റകൃത്യങ്ങൾക്ക് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിച്ച ഇറ്റലി, ഫ്രാൻസ്, ഗ്രീസ് എന്നീ രാജ്യങ്ങളെയും ഫ്രാൻസിസ്ക പരസ്യമായി വിമർശിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നിലവിലെ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിക്കുന്നത്.
ഫ്രാൻസിസ്ക അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രാഷ്ട്രീയ-സാമ്പത്തിക യുദ്ധം നടത്തുകയാണെന്നാണ് അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റുബിയോ ആരോപിക്കുന്നത്. അതിനി വെച്ചുപൊറുപ്പിക്കില്ലെന്നും റുബിയോ എക്‌സിൽ കുറിച്ചിരുന്നു. അതേസമയം, മാഫിയ സ്റ്റൈൽ ഭീഷണി എന്നായിരുന്നു ഫ്രാൻസിസ്ക അമേരിക്കൻ നടപടികളെ വിശേഷിപ്പിച്ചത്.
ഗസ്സ വിഷയത്തിൽ ഇസ്രയേലിനെ പ്രതിക്കൂട്ടിൽ നിർത്തികൊണ്ടുള്ള പ്രതികരണങ്ങളും റിപ്പോർട്ടുകളും അമേരിക്കയെ ചൊടുപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടാണ് നിരീക്ഷകർ ഈ ഉപരോധത്തെ കാണുന്നത്. നെതന്യാഹുവിന്റെ അമേരിക്കൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.