ഗസ്സയിൽ അടിയന്തര വെടിനിർത്തൽ; യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
പ്രമേയം പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്ത ഇസ്രായേൽ, അമേരിക്കൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു
ന്യൂയോര്‍ക്ക്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക.
ഗസ്സയിൽ സ്ഥിര സമാധാനം ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക വീറ്റോ ചെയ്തത്. ഹമാസിനെ തള്ളിപ്പറയാൻ പ്രമേയം തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വീറ്റോ. ഇസ്രായേലിന്‍റെ സുരക്ഷ, യു.എൻ രക്ഷാസമിതി പ്രമേയം മുഖവിലക്കെടുത്തില്ലെന്ന് ആക്റ്റിങ് യുഎസ് അംബാസഡർ ഡൊറോത്തി ഷീഅ പറഞ്ഞു.
പ്രമേയത്തെ രക്ഷാസമിതിയിലെ 15ൽ 14 രാജ്യങ്ങളും പിന്തുണച്ചു. ഗസ്സയിലെ 21 ലക്ഷം വരുന്ന ഫലസ്തീൻ ജനത വലിയൊരു ദുരന്തമുഖത്താണെന്നും അടിയന്തര വെടിനിർത്തൽ മാത്രമാണ് പരിഹാരമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഗസ്സയിലെ മാനുഷിക ദുരന്തം ഉയർത്തി അടുത്ത ആഴ്ച പൊതുസഭക്കു മുമ്പാകെ പുതിയ പ്രമേയം കൊണ്ടുവരുമെന്ന് യുഎന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് മൻസൂർ അറിയിച്ചു. സയണിസ്റ്റ് ക്രൂരതക്ക് എല്ലാ പരിരക്ഷയും നൽകുന്ന യുഎസ് നിലപാടാണ് വീറ്റോയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞതെന്ന് ഹമാസ് കുറ്റപ്പെടുത്തി. പ്രമേയം പരാജയപ്പെട്ടതിനെ സ്വാഗതം ചെയ്ത ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, അമേരിക്കൻ ഭരണകൂടത്തിന് നന്ദി പറഞ്ഞു. ലോകം നിസ്സംഗമായി നോക്കിനിൽക്കെ ഗസ്സയിൽ അറുകൊല തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 60ൽ ഏറെ പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. യു.എസ് സഹായത്തോടെ ഇസ്രായേൽ തുടങ്ങിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ ആയിരങ്ങൾ മരിച്ചുവീഴുന്ന സാഹചര്യം തടയാൻ ശക്തമായ ഇടപെടൽ വേണമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടു.