ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള പോപ്പിന്റെ അവസാന സമ്മാനം; എന്താണ് യഥാർത്ഥത്തിൽ 'പോപ്മൊബൈൽ'?

പൊതുപരിപാടികളിൽ പോപ്പ് ഉപയോഗിച്ചിരുന്ന വാഹനമാണ് പോപ്പ്മൊബൈൽ

Update: 2025-05-05 10:35 GMT
Editor : സനു ഹദീബ | By : Web Desk

വത്തിക്കാൻ: ഗസ്സയിലെ കുഞ്ഞുങ്ങളോട് എല്ലാകാലത്തും അനുഭാവപൂർവ്വം പെരുമാറിയിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഗസ്സയിൽ സമാധാനത്തിന് വേണ്ടി നിരന്തരം സംസാരിച്ചിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ സമ്മാനവും ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടിയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്റെ 'പോപ്മൊബൈൽ' ഗസ്സയിലേക്കുള്ള ആരോഗ്യ രക്ഷാ കേന്ദ്രമാക്കണം എന്നുള്ളത്. മരണത്തിന് മുൻപ് തന്നെ അതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. എന്താണ് യഥാർത്ഥത്തിൽ 'പോപ്മൊബൈൽ'?

പൊതുപരിപാടികളിൽ പോപ്പ് ഉപയോഗിച്ചിരുന്ന വാഹനമാണ് പോപ്പ്മൊബൈൽ. റോമൻ കത്തോലിക്കാ സഭയുടെ നേതാവായ പോപ്പ് പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോൾ അദ്ദേഹത്തെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മോട്ടോർ വാഹനം. മെഴ്‌സിഡസ് ബെൻസ്, ഫിയറ്റ് , ജീപ്പ്, കാഡിലാക് തുടങ്ങിയ ഓട്ടോമൊബൈൽ ബ്രാൻഡുകൾ പ്രത്യേകം രൂപകൽപ്പന ചെയ്ത നിരവധി വാഹനങ്ങൾ ഇത്തരത്തിൽ പോപ്മൊബൈലായി ഉപയോഗിച്ചിട്ടുണ്ട്.

Advertising
Advertising

ചടങ്ങുകൾക്കും മതപരമായ ഘോഷയാത്രകൾക്കും പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാൻ പോപ്പിനെ കൊണ്ട് പോകാൻ പരമ്പരാഗതമായ 'സെഡിയ ഗസ്റ്ററ്റോറിയ' എന്ന സിംഹാസനമാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ചുവപ്പ്, സ്വർണ്ണ നിറങ്ങളിലുള്ള സിൽക്ക് , വെൽവെറ്റ് തുടങ്ങിയ ആഡംബര തുണിത്തരങ്ങൾ കൊണ്ട് പൊതിഞ്ഞ ആഡംബരപൂർണ്ണമായ കസേരകൾ ആയിരുന്നു ഇവ.

പിന്നീട് 1800-കളിൽ അലങ്കരിച്ച കുതിരവണ്ടികൾ ആക്കി മാറ്റി. അവയിൽ ചിലത് ഇപ്പോൾ വത്തിക്കാൻ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1930 ലാണ് ആദ്യത്തെ പോപ് മൊബൈൽ നിർമ്മിച്ചത്. മെഴ്‌സിഡസ്-ബെൻസ് നർബർഗ് 460 പുൾമാൻ ആയിരുന്നു ആദ്യത്തെ പോപ് മൊബൈൽ. പയസ് പതിനൊന്നാമൻ മാർപ്പാപ്പയ്ക്കായാണ് ഈ വാഹനം നിർമ്മിച്ചത്.1965-ൽ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഒരു പാസ്റ്ററൽ സന്ദർശന വേളയിൽ പോപ്പ് പോൾ ആറാമൻ ഉപയോഗിച്ചിരുന്ന വാഹനത്തെ പരാമർശിക്കുന്നതിനായി ഇംഗ്ലീഷ് മാധ്യമങ്ങളിലാണ് പോപ്പ്മൊബൈൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

പൊതുപരിപാടികളിൽ വലിയ ജനക്കൂട്ടത്തിന് പോപ്പിനെ കൂടുതൽ എളുപ്പത്തിൽ കാണാൻ സഹായിക്കുന്നതിനായാണ് ഇത്തരം പോപ്മൊബൈലുകൾ സൃഷ്ടിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോപ്പ്മൊബൈലുകൾ നിർമ്മിച്ചതിന്റെ റെക്കോർഡ് മെഴ്‌സിഡസ്-ബെൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 100 വർഷമായി വത്തിക്കാനുമായി മെഴ്‌സിഡസ് പ്രവർത്തിച്ചു വരുന്നുണ്ട്.

ചില പോപ് മൊബൈലുകൾ ലംബോർഗിനികളാണ്.വ്യത്യസ്തമായ രൂപകല്പനയാണ് ഓരോ പോപ് മൊബൈലിനും ഉള്ളത്. സുരക്ഷാ ആവശ്യകതകൾ, യാത്രാ ദൂരം, വേഗത, പോപ്പിന്റെ വ്യക്തിപരമായ മുൻഗണനകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പോപ്മൊബൈൽ നിർമ്മിക്കുക. ചിലത് തുറന്ന മോഡലുകളും മറ്റു ചിലത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഭിത്തികൾ ഉള്ള മോഡലുകളും ആയിരിക്കും. ചിലതിൽ പോപ്പുമാർക്ക് നിൽക്കാൻ സാധിക്കും. എന്നാൽ ചിലതിൽ പോപ്പുമാർക്ക് ഇരിക്കാം.

കഴിഞ്ഞ 45 വർഷമായി, മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് അടിസ്ഥാനമാക്കിയുള്ള ‘പോപ്പ് മൊബൈലുകൾ’ ആണ് ഉപയോഗിച്ച് വരുന്നത്. 2024 ഡിസംബറിൽ വത്തിക്കാൻ അതിന്റെ ആദ്യത്തെ ഇലക്ട്രിക് പോപ്പ്മൊബൈൽ സ്വന്തമാക്കി. 2030 ആകുമ്പോഴേക്കും പോപ് മൊബൈലുകൾ പൂർണ്ണമായും ഇലക്ട്രിക് ആക്കാൻ ആണ് തീരുമാനം.

വത്തിക്കാൻ സിറ്റിയിലെ വാഹന രജിസ്ട്രേഷൻ പ്ലേറ്റുകളെല്ലാം ആരംഭിക്കുന്നത് 'SCV' എന്ന അക്ഷരങ്ങളിലാണ്. ഇത് ലാറ്റിനിൽ സ്റ്റാറ്റസ് സിവിറ്റാറ്റിസ് വത്തിക്കാനെ എന്നതിന്റെ ചുരുക്കെഴുത്താണ്. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് എന്നാണീ പദത്തിന്റെ അർഥം.

ഏറ്റവും ഒടുവിലത്തെ പോപ് ആയ പോപ് ഫ്രാൻസിസ് പരമ്പരാഗത പോപ്പ്മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. അടച്ചിട്ട ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി, ഫ്രാൻസിസ് മാർപാപ്പ ലളിതമായ കാറുകൾ തിരഞ്ഞെടുത്തു. ജനക്കൂട്ടത്തിനിടയിൽ കാൽനടയായി പോകാനും വത്തിക്കാനിൽ ഫോർഡ് ഫോക്കസ്, റെനോ 4L പോലുള്ള ചെറിയ വാഹനങ്ങൾ ഉപയോഗിച്ച് ചുറ്റിനടക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News