അൽ അഖ്‌സ പള്ളിയിൽ റമദാനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്ക് പിന്നിലെന്ത്?

ബുധനാഴ്ച്ച പുലർച്ചെയോടെയാണ് അൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ സൈന്യം സ്ത്രീകളെ അടക്കം ക്രൂരമായി മർദിച്ച് പുറത്താക്കിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടികൾ ഉപയോഗിച്ച് സൈന്യം ഫലസ്തീനികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Update: 2023-04-07 06:43 GMT

Al-Aqsa Mosque

ജറുസലേം: മസ്ജിദുൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ ഇസ്രായേൽ സൈന്യം പള്ളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്ന വിശ്വാസികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഫലസ്തീൻ വീണ്ടും സംഘർഷഭൂമിയായി മാറുകയാണ്. ബുധനാഴ്ച്ച പുലർച്ചെയോടെയാണ് അൽ അഖ്‌സയിൽ അതിക്രമിച്ചു കയറിയ സൈന്യം സ്ത്രീകളെ അടക്കം ക്രൂരമായി മർദിച്ച് പുറത്താക്കിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടികൾ ഉപയോഗിച്ച് സൈന്യം ഫലസ്തീനികളെ ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സൈന്യത്തിന്റെ അതിക്രമത്തിൽ 12 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസ്റ്റ് അറിയിച്ചു. 400 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണെന്നുമാണ് റിപ്പോർട്ടുകൾ.

Advertising
Advertising


സ്‌ഫോടക വസ്തുക്കളും വടികളും കല്ലുകളുമായാണ് ഫലസ്തീനികൾ അൽ അഖ്‌സയിൽ തമ്പടിച്ചതെന്നും അതുകൊണ്ടാണ് അവരെ അവിടെനിന്ന് പുറത്താക്കിയതെന്നുമാണ് ഇസ്രായേൽ സൈന്യം പറയുന്നത്. റമദാൻ മാസം രാത്രികളിൽ അൽ അഖ്‌സയിൽ പ്രാർഥന അനുവദിക്കരുതെന്ന് പള്ളി അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതാണെന്നും സൈന്യം പറയുന്നു. എന്നാൽ അഖ്‌സ പള്ളിയിൽ പ്രാർഥന നടത്താൻ ഇസ്രായേലിന്റെ അനുമതി ആവശ്യമില്ലെന്നും ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യമാണ് വിശ്വാസികൾക്കെതിരെ നടന്നതെന്നും ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ പറഞ്ഞു. അൽ അഖ്‌സ പള്ളി ഫലസ്തീനികൾക്കും അറബികൾക്കും മുഴുവൻ മുസ്‌ലിംകൾക്കും അവകാശപ്പെട്ടതാണ്. അതിനെതിരെ നടക്കുന്ന അതിക്രമങ്ങൾ അധിനിവേശത്തിനെതിരായ വിപ്ലവത്തിന്റെ തീപ്പൊരിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി റമദാനിൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ അതിക്രമം പതിവാണ്. കഴിഞ്ഞ വർഷം ഇസ്രായേൽ സൈന്യം 300 ഫലസ്തീനികളെ അറസ്റ്റ ചെയ്യുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ചിൽ വെസ്റ്റ് ബാങ്കിൽ നടത്തിയ അക്രമത്തിൽ 36 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. 2021 മേയിൽ ടിയർ ഗ്യാസും സ്റ്റീൽ ബുള്ളറ്റുകളും അടക്കം ഉപയോഗിച്ച് ഇസ്രായേൽ സൈന്യം നടത്തിയ അക്രമത്തിൽ നൂറുകണക്കിന് ഫലസ്തീനികൾക്ക് പരിക്കേറ്റിരുന്നു.

കിഴക്കൻ ജറുസലേമിലെ ഒരു പീഠഭൂമിയിലാണ് അൽ-അഖ്‌സ കോമ്പൗണ്ട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശം 1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുക്കുകയും പിന്നീട് അന്താരാഷ്ട്ര സമൂഹത്തിൽ അധികമാരും അംഗീകരിക്കാത്ത നീക്കത്തിലൂടെ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർക്കുകയുമായിരുന്നു. മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം മക്കയിലെയും മദീനയിലെയും പള്ളികൾ കഴിഞ്ഞാൽ മൂന്നാമത്തെ വിശുദ്ധഗേഹമായാണ് മുസ്‌ലിംകൾ മസ്ജിദുൽ അഖ്‌സയെ പരിഗണിക്കുന്നത്. യഹൂദവിശ്വാസപ്രകാരം ബൈബിളിലെ യഹൂദ ക്ഷേത്രങ്ങൾ നിലനിന്നിരുന്ന സ്ഥലമാണ് അൽ അഖ്‌സയുടെ ഭൂമി. 'ടെമ്പിൽ മൗണ്ട്' എന്നാണ് അവർ ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്.

ഫലസ്തീനികൾ ദേശീയ സ്തംഭമായി കാണുന്ന മസ്ജിദുൽ അഖ്‌സ പിടിച്ചെടുക്കാൻ ഇസ്രായേൽ ആസുത്രിത നീക്കം ആരംഭിച്ചതായി സംശയമുണ്ടെന്ന് ഫലസ്തീൻ സെന്റർ ഫോർ പോളിസി ആന്റ് സർവേ റിസർച്ച് ഡയരക്ടർ ഖലീൽ ശികാകി പറഞ്ഞു. 1967-ലെ അധിനിവേശത്തിൽ അവർ പിടിച്ചെടുത്ത ഇബ്രാഹീം മസ്ജിദിന്റെ പകുതി ഭാഗം സിനഗോഗ് ആക്കി മാറ്റുകയായിരുന്നു. മസ്ജിദുൽ അഖ്‌സക്കും ഇതേ അവസ്ഥ വരുമെന്ന് തങ്ങൾക്ക് ഭയമുണ്ടെന്നും ശികാകി പറഞ്ഞു.


 


തീവ്ര ദേശീയവാദികളായ ജൂതൻമാരുടെ നേതൃത്വത്തിൽ നിരവധി പേരാണ് അടുത്തിടെയായി പൊലീസ് അകമ്പടിയോടെ അൽ അഖ്‌സ പള്ളിയിൽ സന്ദർശനത്തിനെത്തുന്നത്. അടുത്തിടെ തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗ്വിർ ജൂതൻമാരോട് അൽ അഖ്‌സ പള്ളി (ടെമ്പിൾ മൗണ്ട്) സന്ദർശിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതെല്ലാം മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമായാണ് ഫലസ്തീനികൾ കാണുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News