ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയിൽ അധികൃതർ

ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും ആരോപണമുണ്ട്

Update: 2025-11-26 12:30 GMT

റാവൽപിണ്ടി: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാർത്ത പ്രചരിക്കുന്നത്. 73 കാരനായ ഇമ്രാൻ ഖാൻ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയുകയാണ്. പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.

ഇമ്രാൻ ഖാനെ ജയിലിൽ കാണാൻ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മർദിച്ചെന്നും പരാതിയുണ്ട്. ഇമ്രാനെ കാണണമെന്ന് ആവശ്യപ്പെട്ട് സഹോദരിമാരായ നൂറിൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവരാണ് ജയിലിന് പുറത്ത് പ്രതിഷേധിച്ചത്. മൂന്ന് ആഴ്ചയിലധികമായി സഹോദരനെ കാണാൻ അനുവദിക്കുന്നില്ലെന്ന് ഇവർ പറഞ്ഞു.

Advertising
Advertising

ജയിലിന് പുറത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മർദിക്കുകയായിരുന്നു എന്ന് തഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാക്കൾ പറഞ്ഞു. ഇമ്രാൻ ഖാനെ കാണണമെന്ന് ആവശ്യപ്പെട്ടത് മാത്രമാണ് അവർ ചെയ്ത കുറ്റം. പൊലീസ് അതിക്രമത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ട ഇമ്രാൻ ഖാനെ 2023 ആഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ്. ഖാൻ ഏകാന്ത തടവിലാണെന്ന് പിടിഐ നേതാക്കൾ നേരത്തെ പറഞ്ഞിരുന്നു. പുസ്തകങ്ങൾ, അവശ്യവസ്തുക്കൾ, അഭിഭാഷകരുമായി ബന്ധപ്പെടാനുള്ള അവസരം എല്ലാം ഇമ്രാൻ നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ലീഗൽ സെൽ നേരത്തെ പറഞ്ഞിരുന്നു.

താൻ ജയിലിൽ പീഡനം അനുഭവിക്കുന്നതായി ഇമ്രാൻ ഖാൻ കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഖൈബർ പഷ്തൂൺ മുഖ്യമന്ത്രി സുഹൈൽ അഫ്രീദിക്ക് പോലും ഇമ്രാനെ കാണാൻ അനുമതി നൽകിയിരുന്നില്ല. ഇമ്രാനെ സന്ദർശിക്കാൻ അഫ്രീദി തുടർച്ചയായി ഏഴ് തവണ ശ്രമിച്ചെങ്കിലും ജയിൽ അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News