'നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി, ബോയിങ് 787 ഡ്രീംലൈനറിന് പിഴവുണ്ട്' കമ്പനിക്കെതിരെ ആരോപണം

32 വര്‍ഷം ബോയിങ്ങില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്ത ജോണ്‍ ബാര്‍നെറ്റാണ് കമ്പനിക്കെതിരെ ആരോപണം ഉയര്‍ത്തിയത്

Update: 2025-06-12 16:16 GMT

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ബോയിങ് കമ്പനിക്കെതിരെ ഉയര്‍ന്ന മുന്‍ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ഗുണനിലവാരവും സുരക്ഷാ ആശങ്കകളും പരിഹരിക്കുന്നതില്‍ ബോയിങ്ങിന്റെ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിമാന നിര്‍മ്മാണ കമ്പനി എണ്ണമറ്റ സുരക്ഷ നിയമങ്ങള്‍ ലംഘിക്കുന്നതായാണ് ആരോപണം.

32 വര്‍ഷം ബോയിങ്ങില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്ത ജോണ്‍ ബാര്‍നെറ്റാണ് കമ്പനിക്കെതിരെ ആരോപണം ഉയര്‍ത്തിയിരുന്നത്. വിമാന നിര്‍മ്മാണ കമ്പനികള്‍ക്കായി ജോലി ചെയ്യുമ്പോള്‍ തന്നെയാണ് ബോയിങ്ങിനെതിരെയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെതിരെയും ജോണ്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

Advertising
Advertising

ഗുണനിലവാര പരിശോധനകള്‍ ഒഴിവാക്കാന്‍ കമ്പനി ശ്രമിച്ചതായി ജോണ്‍ പറഞ്ഞു. യുഎസ് നിയമങ്ങളില്‍ എണ്ണമറ്റ ലംഘനങ്ങള്‍ കമ്പനി നടത്തിയിട്ടുണ്ട്. കമ്പനി പേപ്പര്‍വര്‍ക്കുകളില്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു മലിനമായ ട്യൂബ് നീക്കം ചെയ്ത് ഇപ്പോള്‍ സര്‍വീസിലുള്ള ഒരു വിമാനത്തില്‍ അത് സ്ഥാപിച്ചുവെന്നുമാണ് ജോണ്‍ അന്ന് ആരോപിച്ചത്. ആ ഭാഗം ശരിയാക്കിയില്ലെങ്കില്‍ വിമാനം താഴേക്ക് പതിച്ച് സ്‌ഫോടനത്തിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി പതിവായി അപകടകരമായേക്കാവുന്ന പലകാര്യങ്ങളും മറച്ചുവെക്കാറുണ്ടെന്ന് ആരോപിച്ചു. തെറ്റായ ഭാഗങ്ങള്‍ സ്ഥാപിച്ചത്, വിമാനങ്ങള്‍ക്കുള്ളില്‍ ലോഹ ഷേവിംഗുകള്‍ ഉപേക്ഷിക്കുന്നത്, എഞ്ചിനുകള്‍ക്കുള്ളില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് തുടങ്ങിയ സുരക്ഷാ വീഴ്ചകള്‍ ഉണ്ടായിരുന്നിട്ടും 787 ഫാക്ടറിയിലെ ബോയിംഗ് എഞ്ചിനീയര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാനേജര്‍മാരുടെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായും ആരോപിക്കുന്നു. ഒരിക്കലും നടന്നിട്ടില്ലാത്ത സുരക്ഷാ പരിശോധനകളെക്കുറിച്ച് വ്യാജ രേഖകള്‍ ഹാജരാക്കാന്‍ താന്‍ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഗുരുതരമായ ആശങ്കകളാണ് കമ്പനിക്കെതിരെ ജോണ്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ഗുണനിലവാര പ്രശ്‌നങ്ങളെല്ലാം ജോണ്‍ വിരമിക്കുന്നതിന് മുമ്പ് തന്നെ പരിഹരിച്ചുവെന്നാണ് കമ്പനി അവകാശപ്പെട്ടത്. ഇതൊന്നും വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എഞ്ചിനിയറിംഗ് വിശകലനത്തിലൂടെ കണ്ടെത്തിയെന്നും ബോയിങ് അവകാശപ്പെട്ടു.

എന്നാല്‍ 2024ല്‍, ബോയിങ് 787 ഡ്രീംലൈനറിന്റെ ഘടനാപരമായ സമഗ്രതയെക്കുറിച്ച് ബോയിംങ് എഞ്ചിനീയര്‍ സാം സാലെഹ്പൂര്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. വിമാന മോഡലിന്റെ ഫ്യൂസേജ് നിര്‍മ്മിക്കുമ്പോള്‍ അമേരിക്കന്‍ വിമാന നിര്‍മ്മാതാവ് കുറുക്കുവഴികള്‍ സ്വീകരിച്ചുവെന്നും കാലക്രമേണ അത് വിനാശകരമായ പരാജയങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് അഹമ്മദാബാദില്‍ തകര്‍ന്നു വീണത്. ഈ പശ്ചാത്തലത്തില്‍ ബോയിങ്ങിനെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News