യുകെ ആഭ്യന്തര സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിത; ആരാണ് ഷബാന മഹ്മൂദ്?

ജസ്റ്റിസ് സെക്രട്ടറി, ലോർഡ് ചാൻസലർ ചുമതലകൾ വഹിച്ചുവരുന്നതിനിടെയാണ് ഷബാന ആഭ്യന്തര സെക്രട്ടറി പദവിയിലെത്തിയത്

Update: 2025-09-08 03:57 GMT

ലണ്ടൻ: ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌റർ രാജിവെച്ചതിനെ തുടർന്ന് സെപ്റ്റംബർ അഞ്ചിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. പാക് വംശജയായ ഷബാന മഹ്മൂദ് ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ജസ്റ്റിസ് സെക്രട്ടറി, ലോർഡ് ചാൻസലർ ചുമതലകൾ വഹിച്ചുവരുന്നതിനിടെയാണ് ഷബാനയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിതയാണ് ഷബാന.

''ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ബഹുമതിയാണ്. പൗരൻമാരുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തം. ഈ ജോലിയിൽ എല്ലാ ദിവസവും എന്റെ ലക്ഷ്യത്തിനായി പരിശ്രമിക്കും''- ഷബാന എക്‌സിൽ കുറിച്ചു.

Advertising
Advertising

മിർപൂരിൽ നിന്നുള്ള ദമ്പതികളുടെ മകളായി 1980ൽ ബിർമിങ്ങാമിലാണ് ഷബാന ജനിച്ചത്. യുകെയിലും സൗദി അറേബ്യയിലുമായാണ് കുട്ടിക്കാലം ചെലഴിച്ചത്. ഓക്‌സ്‌ഫോർഡിലെ ലിങ്കൺ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ഷബാന രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബാരിസ്റ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.

2024 ജൂലൈയിൽ ബിർമിങ്ങാം ലേഡിവുഡിൽ നിന്നുള്ള പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷബാന ലേബർ പാർട്ടിയിലൂടെ ക്രമാനുഗതമായി ഉയർന്നുവന്ന നേതാവാണ്. ജസ്റ്റിസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന സമയത്ത് ജയിലുകളിൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയും തടവുകാർക്ക് ശിക്ഷായിളവ് നൽകുകയും ചെയ്തിരുന്നു.

കുടിയേറ്റം, സർക്കാർ നയങ്ങൾ, ദേശീയ സുരക്ഷാ തുടങ്ങിയ കാര്യങ്ങൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ വരുന്ന കാര്യങ്ങളാണ്. ഷബാനയെ സംബന്ധിച്ചടുത്തോളം നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര സെക്രട്ടറിമാർ നേരിട്ട സാധാരണ രാഷ്ട്രീയ പ്രശ്‌നങ്ങൾ കൂടാതെ രാജ്യത്ത് ശക്തമായി വരുന്ന മുസ്‌ലിം വിരുദ്ധ വംശീയത അടക്കമുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിവരും.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഷബാന എന്ത് നിലപാട് സ്വീകരിക്കും എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യങ്ങളിൽ നയംമാറ്റം ഉണ്ടാവില്ലെന്ന സൂചനയാണ് ഞായറാഴ്ച അവർ നൽകിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്നതും നിരോധിത ഭീകരസംഘടനയെ പിന്തുണയ്ക്കുന്നതും സമാനമല്ല എന്നായിരുന്നു ഷബാനയുടെ പ്രതികരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News