സംസ്കരിക്കാന്‍ മാര്‍ഗമില്ല, ഗസ്സയില്‍ മൃതദേഹങ്ങള്‍ അഴുകുന്നു; നായകള്‍ മൃതദേഹങ്ങൾ ഭക്ഷിക്കാൻ തുടങ്ങിയെന്ന് അധികൃതർ

മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് മാറ്റാൻ പോലും ഇസ്രായേൽ സമ്മതിക്കുന്നില്ല.

Update: 2023-11-14 05:47 GMT
Editor : Jaisy Thomas | By : Web Desk

അല്‍-ശിഫ ആശുപത്രി

ജനീവ: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ശിഫ ആശുപത്രി ശ്മശാനമായി മാറിയെന്ന് ലോകാരോഗ്യ സംഘടന. അൽശിഫ ആശുപത്രിയിൽ നൂറിലേറെ മൃതദേഹങ്ങളാണ് കെട്ടിക്കിടക്കുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് മാറ്റാൻ പോലും ഇസ്രായേൽ സമ്മതിക്കുന്നില്ല. 600 ഓളം പേർ ആശുപത്രിയിൽ തുടരുകയാണെന്നും മറ്റുള്ളവർ ഇടനാഴികളിൽ അഭയം പ്രാപിച്ചുവെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസമായി ഗസ്സയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അല്‍-ശിഫ ആശുപത്രി ഇസ്രായേല്‍ ആക്രമണം നേരിടുകയാണ്. ആശുപത്രിക്ക് കീഴില്‍ ഹമാസ് താവളമടിച്ചിട്ടുണ്ടെന്നും ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഉണ്ടെന്നുമാണ് ഇസ്രായേലിന്‍റെ ആരോപണം. എന്നാല്‍ ആശുപത്രി അധികൃതരും ഹമാസും ഇത് നിഷേധിച്ചിരുന്നു. ''ആശുപത്രിക്ക് ചുറ്റും മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. അവ ശരിയായ രീതിയില്‍ സംരക്ഷിക്കാനോ സംസ്കരിക്കാനോ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനോ സാധിക്കുന്നില്ല. ആശുപത്രി ആശുപത്രി അല്ലാതായി മാറി. ഇപ്പോള്‍ ഏതാണ് സെമിത്തേരി പോലെയായി'' ലിൻഡ്‌മെയർ പറയുന്നു. ആശുപത്രിയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടി ചീഞ്ഞഴുകിപ്പോകുന്നതിനെ കുറിച്ചും ഡോക്ടർമാർ പറഞ്ഞു.

Advertising
Advertising

ജീർണിച്ച മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഇസ്രായേൽ അധികൃതർ ഇതുവരെ അനുമതി നൽകാത്തതിനാൽ നായകള്‍ ആശുപത്രി വളപ്പിൽ കയറി മൃതദേഹങ്ങൾ ഭക്ഷിക്കാൻ തുടങ്ങിയെന്നും ഡോ. ​​മുഹമ്മദ് അബു സെൽമിയ ബിബിസിയോട് പറഞ്ഞു.വൈദ്യുതിയുടെ അഭാവം മൂലം ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് മാസം തികയാത്ത ഡസന്‍ കണക്കിന് കുഞ്ഞുങ്ങള്‍ മരണമുഖത്താണ്. ഏഴ് കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതായി സെല്‍മിയ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ നിന്നും മാറ്റാന്‍ ഇസ്രായേൽ പ്രായോഗിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നിർദേശങ്ങൾ ഹമാസ് അംഗീകരിക്കുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് റെഗെവ് പറഞ്ഞു. അല്‍ ശിഫക്കൊപ്പം ഗസ്സയിലെ മറ്റ് ആശുപത്രികളിലും വ്യാപകമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News