എന്തിനാണ് ഹമാസിന് ഖത്തറിൽ ഓഫിസ്?

ഗസ്സക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുന്നതിനും എൻക്ലേവിൽ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കുള്ള ഒരു കേന്ദ്രമായി കഴിഞ്ഞ കുറച്ചു കാലമായി ഖത്തർ പ്രവർത്തിച്ചു വരികയാണ്

Update: 2025-09-10 06:05 GMT

ദോഹ: ഗൾഫ് രാഷ്ട്രമായ ഖത്തർ വളരെക്കാലമായി പശ്ചിമേഷ്യയിലും പുറത്തും പല സന്ദർഭങ്ങളിൽ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ബദ്ധവൈരികളായ അമേരിക്കയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളോട് നല്ല ബന്ധം പുലർത്തുന്ന ഖത്തർ അതിനാൽ തന്നെ അവർക്കിടയിൽ സംഭാഷണങ്ങൾ നടത്താൻ കഴിയുന്ന ഒരു കേന്ദ്രമായി പ്രവർത്തിക്കുന്നു. ഗസ്സക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുന്നതിനും എൻക്ലേവിൽ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിനുമുള്ള ചർച്ചകൾക്കുള്ള ഒരു കേന്ദ്രമായി കഴിഞ്ഞ കുറച്ചു കാലമായി ഖത്തർ പ്രവർത്തിച്ചു വരികയാണ്. എന്നാൽ ദോഹയിൽ ഹമാസ് നേതാക്കൾക്കെതിരെ ഇന്നലെ നടന്ന ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് അത് അപകടത്തിലാണ്.

Advertising
Advertising

എന്തുകൊണ്ടാണ് ഹമാസ് നേതാക്കൾ ഖത്തറിൽ താമസിക്കുന്നത്? ഫലസ്തീൻ പ്രസ്ഥാനമായ ഹമാസുമായി ഖത്തറിന്റെ ബന്ധം എന്താണ്? അൽ ജസീറയുടെ റിപ്പോർട്ട് വിശദീകരിക്കുന്നു:

2011-ൽ സിറിയയിൽ യുദ്ധം ആരംഭിച്ച് ഒരു വർഷത്തിനുശേഷം ഖാലിദ് മിഷ്അൽ ഉൾപ്പെടെയുള്ള നേതാക്കൾ സിറിയ വിട്ട് 2012ൽ ഖത്തറിൽ ആദ്യമായി ഹമാസ് രാഷ്ട്രീയ ഓഫിസ് തുറന്നു. അമേരിക്കയുടെ അഭ്യർഥനയെ തുടർന്നാണ് ഹമാസ് നേതൃത്വത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ഖത്തർ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. 2023-ൽ ദി വാൾ സ്ട്രീറ്റ് ജേണലിന് (WSJ) നൽകിയ അഭിമുഖത്തിൽ യുഎസിലെ ഖത്തർ അംബാസഡർ ഷെയ്ഖ് മിഷ്അൽ ബിൻ ഹമദ് അൽ താനി, വാഷിംഗ്ടൺ ഓഫീസ് 'ഹമാസുമായി പരോക്ഷമായ ആശയവിനിമയ മാർഗങ്ങൾ സ്ഥാപിക്കാൻ' ആഗ്രഹിക്കുന്നുവെന്ന് പറയുന്നുണ്ട്.

ഹമാസിന്റെ ഓഫിസ് ഖത്തറിൽ തുറന്നതിനെ തുടർന്ന് നിരവധി ഹമാസ് നേതാക്കൾ ഖത്തറിലേക്ക് തങ്ങളുടെ താമസം മാറ്റുന്നു. ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ മുൻ തലവനും 1997-ൽ ജോർദാനിൽ നടന്ന ഇസ്രായേലി വധശ്രമത്തിൽ നിന്ന് രക്ഷപെടുകയും ചെയ്ത നേരത്തെ സൂചിപ്പിച്ച  ഷെയ്ഖ് മിഷ്അൽ 2012-ലാണ് ഖത്തറിലേക്ക് താമസം മാറുന്നത്. മിഷ്അലിന്റെ പിൻഗാമിയായി മുമ്പ് ഫലസ്തീൻ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മായിൽ ഹനിയ 2017 മുതൽ ഖത്തറിലായിരുന്നു താമസം. 2024 ജൂലൈയിൽ ഇറാനിയൻ തലസ്ഥാനമായ തെഹ്‌റാനിൽ വെച്ച് ഇസ്രായേൽ ഹനിയയെ വധിച്ചു. ഹമാസ് നേതൃത്വ കൗൺസിൽ അംഗം ഖലീൽ അൽ-ഹയ്യ, മൂസ അബു മർസൂഖ് എന്നിവരാണ് ഖത്തറിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് നേതാക്കൾ.

പശ്ചിമേഷ്യ മേഖലയിലും അന്തർദേശീയമായും ഏറ്റവും പ്രധാനപ്പെട്ട മധ്യസ്ഥരിൽ ഒരാളായി ഇപ്പോഴും ഖത്തറിനെ കണക്കാക്കപ്പെടുന്നു. 2007 മുതൽ ഇസ്രായേൽ ഉപരോധിച്ചിരിക്കുന്ന ഗസ്സക്ക് വർഷങ്ങളായി സാമ്പത്തിക സഹായം നൽകിയിരുന്ന രാജ്യം കൂടിയാണ് ഖത്തർ. ഈ രണ്ട് ഘടകങ്ങളുടെയും ഫലമായാണ് ഹമാസിന് ഒരു രാഷ്ട്രീയ അടിത്തറ നൽകാൻ ഖത്തർ തയ്യാറായത്.  'ഇസ്രായേലിലും ഫലസ്തീൻ പ്രദേശങ്ങളിലും സംഘർഷങ്ങൾ രൂക്ഷമാകാതിരിക്കാൻ മധ്യസ്ഥ ശ്രമങ്ങളിൽ ഹമാസ് ഓഫിസ് പതിവായി ഉപയോഗിച്ചിരുന്നു.' ഹമാസിന്റെ സാന്നിധ്യത്തെ കുറിച്ച് ഷെയ്ഖ് മിഷ്അൽ WSJ അഭിപ്രായ ലേഖനത്തിൽ പറയുന്നു. ചുരുക്കത്തിൽ ഇസ്രായേൽ ഫലസ്തീൻ വിഷയത്തിൽ വെടിനിർത്തൽ ചർച്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്തുന്നതിന് വേണ്ടിയാണ് മധ്യസ്ഥ രാജ്യമായ ഖത്തറിൽ ഹമാസിന്റെ ഓഫീസ്‌ പ്രവർത്തിക്കുന്നത്

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News