വ്യഭിചാരം ആരോപിച്ച് പാകിസ്താനില്‍ യുവതിയെ കല്ലെറിഞ്ഞു കൊന്നു

ലാഹോറിൽ നിന്ന് 500 കിലോമീറ്റർ അകലെ പഞ്ചാബിലെ രാജൻപൂർ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം

Update: 2023-09-04 06:41 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

പഞ്ചാബ്: വ്യഭിചാരം ആരോപിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നു. ലാഹോറിൽ നിന്ന് 500 കിലോമീറ്റർ അകലെ പഞ്ചാബിലെ രാജൻപൂർ ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.

20 വയസുള്ള യുവതിയുടെ ഭർത്താവ് വ്യഭിചാരക്കുറ്റം ആരോപിച്ചതായി പൊലീസ് പറഞ്ഞു.വെള്ളിയാഴ്ചയാണ് യുവാവും രണ്ട് സഹോദരന്മാരും ചേർന്ന് യുവതിയെ മരത്തിൽ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. കല്ലെറിയുന്നതിന് മുമ്പ് അവർ അവളെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കുറ്റകൃത്യത്തിനു ശേഷം സഹോദരങ്ങൾ ഓടി രക്ഷപ്പെട്ടു, പഞ്ചാബിനും ബലൂചിസ്ഥാനും ഇടയിലുള്ള അതിർത്തി പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.രാജൻപൂരിലെ അൽകാനി ഗോത്രത്തിൽപ്പെട്ടതാണ് കൊല്ലപ്പെട്ട യുവതി.

ദുരഭിമാനത്തിന്‍റെ പേരില്‍ ഓരോ വര്‍ഷവും പാകിസ്താനില്‍ നിരവധി സ്ത്രീകളാണ് കൊല്ലപ്പെടുന്നത്. പ്രതിവര്‍ഷം ആയിരത്തോളം സ്ത്രീകളാണ് ദുരഭിമാനക്കൊലക്ക് ഇരയാകുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. കുടുംബത്തിന്‍റെ താല്‍പര്യത്തിന് എതിരായി വിവാഹം കഴിച്ചതോ പ്രണയബന്ധമോ ആണ് പല കൊലപാതകങ്ങള്‍ക്കും കാരണം. മിക്കപ്പോഴും ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ കുടുംബാംഗങ്ങളാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിലെ മിയാൻവാലി ജില്ലയിൽ വനിതാ ഡോക്ടറെ ദുരഭിമാനത്തിന്‍റെ പേരിൽ വെടിവെച്ച് കൊന്നിരുന്നു.25 കാരിയായ ഡോക്ടർ തന്‍റെ സഹപ്രവർത്തകനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും പിതാവ് അത് അംഗീകരിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്."ഒരാഴ്ച മുമ്പ്, ഡോക്ടറുടെ പിതാവ് മിയാൻവാലി നഗരത്തിലെ യുവതിയുടെ ക്ലിനിക്കിൽ വന്ന് വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തർക്കത്തിനിടെ പിതാവ് തോക്കെടുത്ത് മകള്‍ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി'' പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News