യുഎസുമായി യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ ഏഴ് ദിവസത്തെ റോഡ്‌മാപ്പ്; നിർദേശം അംഗീകരിച്ചാൽ ഉടൻ നടപ്പാക്കുമെന്ന് അരാഗ്ചി
യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ന്യൂയോർക്കിൽ തുടരുകയാണ്
ന്യൂയോർക്ക്: യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഏഴ് ദിവസത്തെ റോഡ്‌മാപ്പ് മുന്നോട്ടുവച്ചതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് നിർദേശം അംഗീകരിച്ചാൽ അടുത്ത ദിവസം തന്നെ നടപടികൾ ആരംഭിക്കാമെന്നും ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. തുടർന്ന് ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥർ വഴിയാണ് നിർദേശം യുഎസിന് കൈമാറിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഇറാൻ വിഷയം ചർച്ചയായി. ഇറാന് ചൈന നേരിട്ടോ അല്ലാതെയോ നൽകുന്ന സഹായം, രഹസ്യാന്വേഷണ വിവരങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവ അംഗീകരിക്കാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായി യുഎസ് അംബാസഡർ ഡേവിഡ് പെർഡ്യൂ പറഞ്ഞു. അതേസമയം, ഇറാനുമായി സമാധാനപരമായ പരിഹാരത്തിനായി ചർച്ചകൾ തുടരണമെന്ന നിലപാടാണ് ചൈന മുന്നോട്ടുവച്ചത്.
അതിനിടെ, യുഎസും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ന്യൂയോർക്കിൽ തുടരുകയാണ്. യുഎസ് പ്രതിനിധികളുമായി ഖത്തർ മധ്യസ്ഥതയിൽ നടന്ന പരോക്ഷ ചർച്ചകളിൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ഇറാന്റെ വ്യവസ്ഥകൾ കൈമാറിയതായാണ് റിപ്പോർട്ട്.
ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കും നിയന്ത്രണം ശക്തമായി. ബഗ്ദാദ്, നജഫ്, എർബിൽ, സുലൈമാനിയ വിമാനത്താവളങ്ങളിൽ ഇറാനിലേക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുഎസ് ഏർപ്പെടുത്തിയ പുതിയ വ്യോമയാന ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഇതോടെ ഇറാന്റെ അന്താരാഷ്ട്ര വ്യോമബന്ധങ്ങൾ കൂടുതൽ ചുരുങ്ങിയിരിക്കുകയാണ്.
ഇറാന്റെ വിമാനങ്ങൾക്ക് പ്രാദേശിക രാജ്യങ്ങൾ വിമാനത്താവള സേവനങ്ങൾ നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ മേഖലയിലെ വ്യോമഗതാഗതത്തെയും ബാധിക്കുന്ന നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിനൊപ്പം നയതന്ത്ര-വ്യോമഗതാഗത മേഖലയിലും സമ്മർദം ശക്തമാകുകയാണ്.