'ട്രംപുമായി 90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം'; സമ്പൂര്‍ണ വെടിനിര്‍ത്തൽ ആവശ്യം റഷ്യ നിരസിച്ചതായി സെലൻസ്കി
ചൊവ്വാഴ്ച വൈകിട്ട് സുമിയിലെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായി
കിയവ്: സമ്പൂര്‍ണ വെടിനിർത്തലിനുള്ള യുഎസ് നിർദേശം റഷ്യൻ പ്രധാനമന്ത്രി വ്‌ളാദിമിർ പുടിൻ നിരസിച്ചുവെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലെൻസ്‌കി പറഞ്ഞു. യുക്രൈനെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള മോസ്കോയുടെ ഏതൊരു ശ്രമത്തെയും തടയണമെന്ന് ലോകത്തോട് അഭ്യർഥിച്ചു. യുക്രേനിയൻ ഊര്‍ജ സ്രോതസുകൾ ആക്രമിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താൻ പുടിന്‍ സമ്മതിച്ചെങ്കിലും 30 ദിവസത്തെ വെടിനിര്‍ത്തൽ അംഗീകരിക്കാൻ വിസമ്മതിച്ചുവെന്ന് സെലന്‍സ്കി വ്യക്തമാക്കി.
30 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ച സെലെൻസ്കി, ചൊവ്വാഴ്ച പുടിനും ട്രംപും തമ്മിലുള്ള ഒരു കോളിന് ശേഷം, പുടിൻ മുന്നോട്ടുവച്ച പരിമിതമായ വെടിനിർത്തൽ നിർദേശത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഏതാനും മണിക്കൂറുകൾക്ക് ശേഷം യുക്രേനിയൻ അടിസ്ഥാന സൗകര്യങ്ങളിലേക്ക് മോസ്കോ 40ലധികം ഡ്രോണുകൾ വിക്ഷേപിച്ചതിനെ തുടര്‍ന്ന് പുടിനെ തടയാൻ സെലന്‍സ്കി ലോകത്തോട് ആഹ്വാനം ചെയ്തു. "യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള പുടിന്‍റെ ഏതൊരു ശ്രമത്തെയും ലോകം നിരസിക്കുന്നതാണ് ശരിയായ പ്രതികരണം." അദ്ദേഹം ടെലിഗ്രാമിലെ ഒരു പോസ്റ്റിൽ കുറിച്ചു.
വിശാലമായ ഒരു സമാധാന പദ്ധതിയിലേക്ക് പോവുക എന്നതാണ് ട്രംപും പുടിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്‍റെ ലക്ഷ്യമെന്നും സൗദി അറേബ്യയിൽ മറ്റൊരു റൗണ്ട് ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് സുമിയിലെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണമുണ്ടായി. യുക്രൈൻ തലസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കിയവ് മേഖല ഉൾപ്പെടെ നിരവധി യുക്രേനിയൻ പ്രദേശങ്ങളിൽ മോസ്കോ ആക്രമണം നടത്തിയതായി സെലെൻസ്‌കിയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും പറഞ്ഞു."റഷ്യ ഇപ്പോൾ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ജനങ്ങളെയും ആക്രമിക്കുകയാണ്," സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് ടെലിഗ്രാമിൽ വ്യക്തമാക്കി.
പുടിൻ-ട്രംപ് ഫോൺ സംഭാഷണത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്ന ആക്രമണത്തെക്കുറിച്ച് റഷ്യയിൽ നിന്ന് ഉടനടി ഒരു പ്രതികരണവും ഉണ്ടായില്ല. അടിസ്ഥാന സൗകര്യങ്ങൾ പരസ്പരം നശിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുക്രൈനും റഷ്യയും പറഞ്ഞു. മാർച്ചിൽ സൗദി അറേബ്യയിൽ നടന്ന ആദ്യ റൗണ്ട് ചർച്ചകൾക്ക് ശേഷം റഷ്യ 1,300-ലധികം ഗൈഡഡ് ബോംബുകളും എട്ട് മിസൈലുകളും ഏകദേശം 600 ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡ്രോണുകളും തങ്ങളുടെ രാജ്യത്തേക്ക് വിക്ഷേപിച്ചതായി സെലെൻസ്‌കി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുടിൻ-ട്രംപ് കോളിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായും സെലെൻസ്‌കി ഫോണിൽ സംസാരിച്ചു. "ഞങ്ങൾ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഞങ്ങളുടെ പങ്കാളികളിൽ നിന്ന് ഒരു വഞ്ചനയും ഉണ്ടാകില്ലെന്നും സഹായം തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്," മാക്രോണുമായും ഷോൾസുമായും നടത്തിയ ഫോൺ സംഭാഷണങ്ങൾക്ക് ശേഷം സെലെൻസ്‌കി പറഞ്ഞു.