‘അയാള്‍ നശിച്ചുപോകട്ടെ’; ക്രിസ്മസ് രാവിൽ പുടിനെതിരെ സെലൻസ്കിയുടെ പ്രാർഥന
ക്രിസ്മസ് തലേന്ന് എക്‌സിൽ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തിലാണ് സെലൻസ്‌കി പുടിന്റെ അന്ത്യത്തിനായി പ്രാർഥിച്ചത്
കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ മരണം ആഗ്രഹിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്കി.
അദ്ദേഹം ‘നശിച്ചുപോകട്ടെ’ എന്നാണ് സെലൻസ്‌കി പ്രാര്‍ഥിച്ചത്. ക്രിസ്മസ് തലേന്ന് എക്‌സിൽ പോസ്റ്റുചെയ്ത വീഡിയോ സന്ദേശത്തിലാണ് സെലൻസ്‌കി പുടിന്റെ അന്ത്യത്തിനായി പ്രാർഥിച്ചത്. പുടിന്റ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യം വ്യക്തമായിരുന്നു.
‘ഇന്ന് നമ്മളെല്ലാം ഒരു സ്വപ്നമാണ് പങ്കുവയ്ക്കുന്നത്. നമുക്ക് എല്ലാവർക്കും ഒരു ആഗ്രഹമാണ് ഉള്ളത്. അയാൾ നശിക്കട്ടെ’’–പുട്ടിന്റെ പേര് പരാമർശിക്കാതെ സെലൻസ്കി പറഞ്ഞു.
‘‘റഷ്യ അത്രമേൽ ദുരിതം സമ്മാനിച്ചിട്ടും ഏറ്റവും പ്രധാനപ്പെട്ടതിനെ കീഴടക്കാനോ തകർക്കാനോ സാധിച്ചിട്ടില്ല. അത് നമ്മുടെ യുക്രെയ്നിയൻ ഹൃദയങ്ങളാണ്. നമുക്ക് ഓരോരുത്തരിലുമുള്ള വിശ്വാസമാണ്. നമ്മുടെ ഐക്യമാണ്. നമ്മൾ ദൈവത്തിലേക്ക് നോക്കുമ്പോൾ, എന്തെങ്കിലുമൊക്കെ മഹത്തായത് ചോദിക്കും. യുക്രെയ്ന് സമാധാനമാണ് നാം ചോദിക്കുന്നത്. നമ്മൾ അതിനായി പോരാടും, പ്രാർഥിക്കും, നമ്മൾ അത് അർഹിക്കുന്നുണ്ട്’’ –സെലൻസ്കി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച റഷ്യ യുക്രൈനിൽ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇതിൽ കുറഞ്ഞത് മൂന്നുപേരെങ്കിലും കൊല്ലപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. പിന്നാലെയാണ് സെലൻസ്‌കിയുടെ ക്രിസ്മസ് സന്ദേശം. അതേസമയം ഇരു രാജ്യങ്ങൾക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി യുക്രൈനിന്റെ കിഴക്കൻ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ തയാറാണെന്നും പക്ഷെ റഷ്യയും മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നും സെലൻസ്കി പറഞ്ഞു.
⚡️Zelensky in his Christmas address to the nation wished DEATH upon Putin. pic.twitter.com/fN34Jc8DUC
— War Intel (@warintel4u) December 24, 2025