തെല്‍അവിവ്: റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കീഴിലുള്ള തുർക്കിയെയാണ് ഇറാനേക്കാള്‍ സൂക്ഷിക്കേണ്ടതെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്.
ഇസ്രായേലിന് തുര്‍ക്കി തന്ത്രപരമായ ഭീഷണി ഉയർത്തുന്നുവെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അമേരിക്കൻ-ജൂത സംഘടനകളുടെ തലവന്മാർക്കായി ജറുസലേമിൽ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രശാലിയും അപകടകാരിയുമായ ഒരു എതിരാളിയായാണ് ഉര്‍ദുഗാനെ മുന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇസ്രായേലിനെ വളയാൻ അയാള്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യം ഇനി ഒരിക്കലും കണ്ണടയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
"തുർക്കിയിൽ നിന്ന് പുതിയൊരു ഭീഷണി ഉയർന്നുവരികയാണ്, തുർക്കിയും ഖത്തറും സിറിയയിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു, മേഖലയിലുടനീളം സ്വാധീനം വർദ്ധിപ്പിക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തുർക്കി മറ്റൊരു ഇറാനാണ്. ഉർദുഗാന്‍ തന്ത്രശാലിയും അപകടകാരിയുമാണ്, ഇസ്രായേലിനെ വളയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നമുക്ക് ഇനി കണ്ണടച്ചിരിക്കാൻ കഴിയില്ല''- നഫ്താലി ബെനറ്റ് പറഞ്ഞു.
ശത്രുതാപരമായൊരു സുന്നി അച്ചുതണ്ട് കെട്ടിപ്പടുക്കാൻ തുര്‍ക്കിയും ഖത്തറും ശ്രമിക്കുകയാണെന്നും ബെനറ്റ് ആരോപിച്ചു. 'ഇസ്‌ലാമിക് ബ്രദർഹുഡിനെ തുർക്കിയും ഖത്തറും ചേർന്ന് പോഷിപ്പിക്കുകയാണ്. സൗദി അറേബ്യയെ നമുക്കെതിരെ തിരിക്കാനും, ആണവശക്തിയുള്ള പാകിസ്താനെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ശത്രുതാപരമായ സുന്നി അച്ചുതണ്ട് രൂപീകരിക്കാനുമാണ് തുര്‍ക്കി ശ്രമിക്കുന്നത്'- ബെനറ്റ് പറഞ്ഞു.
''ഇറാനിയൻ ഭരണകൂടം ദുർബലപ്പെട്ടെങ്കിലും പരാജയപ്പെട്ടിട്ടില്ല. ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണം ഇറാന്റെ ആണവപദ്ധതിക്ക് കനത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. എങ്കിലും ബാലിസ്റ്റിക് മിസൈലുകളും ആ ഭരണകൂടവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്''- അദ്ദേഹം മുന്നറിയിപ്പ് നൽകി.