'പുടിന് ട്രംപിനെ ഭയം'; യുക്രൈൻ വെടിനിർത്തൽ കരാറിൽ റഷ്യയുടെ പ്രതികരണം കൃത്രിമമെന്ന് സെലെൻസ്‌കി

യുക്രൈനിൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ജനപ്രീതി കുതിച്ചുയരുന്നതായി സർവേ ഫലങ്ങൾ

Update: 2025-03-14 04:24 GMT
Editor : സനു ഹദീബ | By : Web Desk

കിയവ്: യുഎസിന്റെ ഇടക്കാല വെടിനിർത്തൽ കരാറിനോടുള്ള റഷ്യയുടെ പ്രതികരണം കൃത്രിമമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. പുടിൻ യഥാർത്ഥത്തിൽ വെടിനിർത്തൽ കരാർ നിരസിക്കാൻ തയ്യാറെടുക്കുകയാണെന്നും എന്നാൽ അത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് നേരിട്ട് പറയാൻ അദ്ദേഹത്തിന് ഭയമാണെന്നും സെലെൻസ്‌കി അവകാശപ്പെട്ടു.

"അദ്ദേഹം ഇപ്പോൾ ഒരു തിരസ്കരണത്തിന് തയ്യാറെടുക്കുകയാണ്. കാരണം ഈ യുദ്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്ന്, യുക്രൈൻകാരെ കൊല്ലാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപിനോട് പറയാൻ പുടിന് തീർച്ചയായും ഭയമാണ്," സെലെൻസ്‌കി വ്യക്തമാക്കി. പുടിൻ യുദ്ധം നിർത്താൻ തയ്യാറാകാത്തതിനാലാണ് വെടിനിർത്തൽ നിർദ്ദേശത്തിന് വ്യവസ്ഥകൾ വെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

30 ദിവസത്തെ ഇടക്കാല വെടിനിർത്തലിനാണ് യു.എസുമായുള്ള ചർച്ചയിൽ യുക്രൈൻ സന്നദ്ധമായത്. റഷ്യ കൂടി സമ്മതിച്ചാൽ ഇത് പ്രാബല്യത്തിൽ വരും. ഇരു കക്ഷികളും തയ്യാറെങ്കിൽ 30 ദിവസത്തിന് ശേഷം ദീർഘിപ്പിക്കുകയും ചെയ്യാം. യുക്രൈനിലേക്കുള്ള സഹായം, തടവുകാരുടെ കൈമാറ്റം, കുട്ടികളുടെ കൈമാറ്റം എന്നിവയിലും ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം, യുക്രൈനിൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ജനപ്രീതി കുതിച്ചുയരുന്നതായി സർവേ ഫലങ്ങൾ. ഏറ്റവും പുതിയ ഇപ്‌സോസ്/ഇക്കണോമിസ്റ്റ് സർവേയിൽ, 72 ശതമാനം യുക്രൈൻകാരും സെലെൻസ്‌കിയെ അംഗീകരിക്കുന്നതായി വ്യക്തമാക്കുന്നു. 62 ശതമാനം പേർ യുദ്ധം തുടരുന്നിടത്തോളം കാലം തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്നാണ് കരുതുന്നത്. സെലെൻസ്‌കി സ്വേച്ഛാധിപതിയാണെന്നും, രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താതെ ഭരണം കയ്യാളുകയാണെന്നും ട്രംപും എലോൺ മസ്കും ആരോപിച്ചിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News