ശബരിമലയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് യെച്ചൂരി; സംസ്ഥാന നേതൃത്വം വെട്ടിൽ

ശബരിമല തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാകാതിരിക്കാൻ എൽഡിഎഫ് ശ്രദ്ധിച്ചിരുന്നു

Update: 2021-03-18 11:15 GMT

ശബരിമലയിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുമാറ്റം തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയതോടെ പാർട്ടി വെട്ടിൽ. വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞത് എന്തിനാണ് എന്നറിയില്ലെന്നും സർക്കാർ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത് എന്നും യെച്ചൂരി പറയുന്നു. തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന ഘടകം വിഷയത്തില്‍ മൃദുനിലപാട് സ്വീകരിച്ചിരുന്നത്.

യെച്ചൂരിയുടെ പ്രതികരണത്തോടെ വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി എൻഎസ്എസ് ആവശ്യപ്പെട്ടു. അതിനുള്ള ധാർമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന് ഉണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. അന്തിമ വിധി വന്ന് എല്ലാവരുമായും കൂടിയാലോചിച്ച ശേഷം മാത്രമേ യുവതീ പ്രവേശനം നടപ്പാക്കൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച മലപ്പുറത്ത് വ്യക്തമാക്കിയത്.

Advertising
Advertising

ശബരിമല തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാകാതിരിക്കാൻ എൽഡിഎഫ് ശ്രദ്ധിച്ചിരുന്നു. യുഡിഎഫ് നിരന്തരം വിഷയം ഉന്നയിച്ച വേളയിലും തന്ത്രപരമായ മൗനമാണ് നേതാക്കൾ പുലർത്തിയിരുന്നത്. ഇതിനിടെ ആയിരുന്നു കടകംപള്ളിയുടെ മാപ്പു പറച്ചിൽ. പിന്നാലെ യെച്ചൂരിയുടെ തിരുത്തും. യുഡിഎഫ് പ്രചാരണത്തിൽ ശബരിമല ഇതോടെ വീണുകിട്ടിയ വടി പോലെയായി.

സിപിഎമ്മിനെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് എന്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചത്. വിശ്വാസികളെ വേട്ടയാടിയത് തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി എന്തു കൊണ്ടാണ് പറയാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.

Tags:    

Similar News