'വിജയ് സാര്‍ പൊട്ടിക്കരഞ്ഞു, ഞങ്ങൾക്ക് വേണ്ടി എന്തും ചെയ്യാമെന്ന് പറഞ്ഞു'; കരൂർ ദുരന്തത്തിൽ കുട്ടികളെ നഷ്ടപ്പെട്ട പിതാവ്
സ്വകാര്യ റിസോർട്ടിൽ ഇരകളുടെ കുടുംബങ്ങൾക്കായി വിജയ് 46 മുറികൾ ബുക്ക് ചെയ്തിരുന്നു

photo| special arrangement
ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. കഴിഞ്ഞദിവസം ചെന്നൈയിലെ മാമല്ലപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിജയ് കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
'എന്നോട് സംസാരിക്കുന്നതിനിടയിൽ വിജയ് പൊട്ടിക്കരഞ്ഞു.ഞങ്ങളുടെ കുടുംബത്തിനുവേണ്ടി എന്തും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു.എനിക്ക് വേണ്ടി എന്താണ് ചെയ്യേണ്ടതെന്ന് വിജയ് സാർ ചോദിച്ചു. എനിക്കെന്റെ കുട്ടികളെയാണ് നഷ്ടമായത്. അദ്ദേഹത്തോട് ആവശ്യപ്പെടാനായി എനിക്കൊന്നും ഉണ്ടായില്ല..'പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവ് ദി പ്രിന്റിനോട് പറഞ്ഞു.
ദുരന്തത്തിന് ശേഷം കരൂരിലേക്ക് വരാൻ സാധിക്കാത്തതിലും വിജയ് ക്ഷമ ചോദിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.
'ഞങ്ങൾ എല്ലാവരും ഒരു ഹാളിലാണ് ഇരുന്നത്. വിജയ് മറ്റൊരു മുറിയിലായിരുന്നു.ഒരോ കുടുംബങ്ങൾ അദ്ദേഹത്തെ പോയി കണ്ടു. അര മണിക്കൂർ ഞങ്ങളോട് സംസാരിച്ചു, ചിലർ അതിന് നേരത്തെ മുറിയിൽ നിന്നു വന്നു...'കുടുംബങ്ങൾ പറഞ്ഞു.
സെപ്റ്റംബർ 27 ന് കരൂരിലെ വേലുസാമിപുരത്ത് വിജയ്യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പ്രചാരണത്തിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്.16 സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടെ 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. കരൂരിലെ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട 38 കുടുംബങ്ങളിൽ 37 കുടുംബങ്ങൾ വിജയ്യെ കാണാൻ ചെന്നൈയിലെത്തിയിരുന്നു. എല്ലാ രാഷ്ട്രീയനേതാക്കളും ഉടനടി കരൂരിലെത്തി ഇരകളെയും അവരുടെ കുടുംബത്തെയും സന്ദർശിച്ചിരുന്നു.എന്നാൽ ഒരുമാസത്തിന് ശേഷം റിസോർട്ടിൽ വെച്ച് സ്വകാര്യമായ കൂടിക്കാഴ്ചയാണ് വിജയ് നടത്തിയത്.
ഇരകളുടെ കുടുംബങ്ങൾക്ക് വിജയ് റിസോർട്ടിൽ 46 മുറികൾ ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച വിജയ് ഓരോ കുടുംബത്തെയും പ്രത്യേകം കണ്ടു. രാവിലെ 10 മണിയോടെ ആരംഭിച്ച കൂടിക്കാഴ്ച വൈകുന്നേരം 6.30 വരെ നീണ്ടുനിന്നു.
വിജയ് തനിക്ക് ഒരു ജോലി ഏർപ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു രക്ഷിതാവ് വെളിപ്പെടുത്തി. ''ഞാൻ നിങ്ങളുടെ സഹോദരനെപ്പോലെയാണ്. നിങ്ങളുടെ കുടുംബത്തിന് ആവശ്യമുള്ള എന്ത് സഹായവും എന്നോട് ആവശ്യപ്പെടാം. നിങ്ങൾക്ക് ജോലി വേണമെങ്കിലോ സ്ഥലം മാറണമെങ്കിലോ ഞാൻ അത് നിങ്ങൾക്കായി ചെയ്യും'.. മറ്റൊരാൾ പറഞ്ഞു.
നേരത്തെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വിജയ് പ്രഖ്യാപിച്ചിരുന്നു. അതേസമയം,വിജയ് ഇരകളുടെ കുടുംബങ്ങളെ സ്വകാര്യ റിസോർട്ടിലേക്ക് വിളിച്ചുവരുത്തി കണ്ടതിലും വിമർശനം ഉയരുന്നുണ്ട്. എന്നാൽ കൂടിക്കാഴ്ചകൾ സ്വകാര്യമായിരുന്നുവെന്നും പബ്ലിസിറ്റിക്ക് വേണ്ടിയല്ല നടത്തിയതെന്നുമാണ് ടിവികെ നേതാക്കൾ പറയുന്നത്. കരൂരിൽ വെച്ച് തന്നെ ഇരകളുടെ കുടുംബങ്ങളെ കാണാൻ വിജയ് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ വേദികൾ കിട്ടാത്തതിനാലാണ് അത് നടക്കാതെ പോയതെന്നും ടിവികെ നേതാക്കൾ പറയുന്നു.
Adjust Story Font
16

