Quantcast

19 പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ബിജു ജനതാദളില്ല; പാർലമെൻറ് ഉദ്ഘാടനത്തിൽ പങ്കെടുക്കും

കോൺഗ്രസിനെയും ബി.ജെ.പിയെയും തുല്യ അകലത്തിൽ നിർത്തുന്നുവെന്ന് അവകാശപ്പെടുന്ന നവീൻ പട്‌നായിക്ക് പലപ്പോഴും ബിജെപിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-05-24 16:32:19.0

Published:

24 May 2023 3:50 PM GMT

Odishas ruling Biju Janata Dal will attend the inauguration of the new Parliament complex by Prime Minister Narendra Modi.
X

ന്യൂഡൽഹി: പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ചടങ്ങ് കോൺഗ്രസ്, ഇടതുപക്ഷം, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കുകയാണ്. എന്നാൽ ഒഡിഷ ഭരിക്കുന്ന ബിജു ജനതാദൾ ചടങ്ങിൽ പങ്കെടുക്കും. ബിജെഡിയുടെ ദേശീയ വക്താവ് ഡോ. സസ്മിത് പത്രയായുടെ പേരിലിറക്കിയ വാർത്താകുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.

'രാഷ്ട്രപതി ഇന്ത്യയുടെ തലവയാണ്, പാർലമെൻറ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ഈ രണ്ട് സ്ഥാപനങ്ങളും ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതീകവും ഇന്ത്യൻ ഭരണഘടനയിൽ നിന്ന് അധികാരം ഉൾക്കൊള്ളുന്നതാണ്. അവയുടെ അധികാരവും ബഹുമാന്യതയും എപ്പോഴും സംരക്ഷിക്കപ്പെടണം. ഈ ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാ പ്രശ്‌നങ്ങളേക്കാളും മുകളിലായിരിക്കണമെന്ന് ബിജെഡി വിശ്വസിക്കുന്നു. ഒന്നും അവയുടെ വിശുദ്ധിയെയും അഭിമാനത്തെയും ബാധിക്കരുതെന്നും കരുതുന്നു. പ്രശ്‌നങ്ങൾ പിന്നീട് പാർലമെൻറിൽ ചർച്ച ചെയ്യപ്പെടണം. അതിനാൽ ബിജെഡി ഈ സുപ്രധാന മുഹൂർത്തത്തിൽ പങ്കെടുക്കും' ബിജെഡി വക്താവ് ലെനിൻ മൊഹന്തി ഒപ്പുവെച്ച വാർത്താകുറിപ്പിൽ പറഞ്ഞു.

അഞ്ച് തവണ ഒഡീഷ മുഖ്യമന്ത്രിയായ പട്നായിക് തന്റെ പാർട്ടിയെ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും എപ്പോഴും തുല്യ അകലത്തിൽ നിർത്തുന്നതായാണ് അവകാശപ്പെടാറുള്ളത്. എന്നാൽ അദ്ദേഹം പലപ്പോഴും ബിജെപിക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തന്റെ പാർട്ടി ഒരു പ്രതിപക്ഷ മുന്നണിയുടെയും ഭാഗമാകില്ലെന്ന് ബിജെഡി മേധാവി വ്യക്തമാക്കിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമായിരുന്നു പ്രഖ്യാപനം. 2000 മാർച്ച് മുതൽ ഒഡിഷാ മുഖ്യമന്ത്രിയായ 76 കാരനായ പട്നായിക്കിനെ, പ്രതിപക്ഷ നിരയുടെ കൂടെ നിർത്താനായിരുന്നു നിതീഷ് കുമാറെത്തിയത്. എന്നാൽ ഔപചാരിക കൂടിക്കാഴ്ചയാണതെന്നായിരുന്നു പട്‌നായിക്ക് പറഞ്ഞത്.

ശിരോമണി അകാലിദളും (എസ്എഡി) ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ഉൾപ്പെടെ ചില കക്ഷികളും പരിപാടിയിൽ പങ്കെടുന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. ശിവസേന (ഷിൻഡെ വിഭാഗം), മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), ബിജെപിയുടെ തമിഴ്നാട് സഖ്യകക്ഷിയായ എഐഎഡിഎംകെ (അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ്് പ്രതീക്ഷിക്കപ്പെടുന്നത്.

പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി നിർവഹിക്കുക. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തീരുമാനവുമായി ബിജെപി സർക്കാർ മുന്നോട്ടുപോകുകയാണ്. 970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒൻപത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.

നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റിയൂഷൻ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്, വിപുലമായ ലൈബ്രറി, സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെൻറുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമാണ കരാർ.

പാർലമെൻറ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (നിഫ്റ്റ്) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാർ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികളും ഉണ്ടായിരിക്കും.

Odisha's ruling Biju Janata Dal will attend the inauguration of the new Parliament complex by Prime Minister Narendra Modi.

TAGS :

Next Story