Quantcast

കർണാടകയിൽ കോൺ​ഗ്രസിന് റെഡ് അലേർട്ട്!; അധികാരത്തർക്കം തുടർന്നാൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ബിജെപി

മുഖ്യമന്ത്രിപദം സംബന്ധിച്ച് പോര് തുടരുകയാണെങ്കിൽ ഒരു കറുത്ത കുതിര രം​ഗപ്രവേശം ചെയ്തേക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    29 Nov 2025 7:56 AM IST

BJP hints at no-confidence move as Congress rift deepens in Karnataka
X

ബം​ഗളൂരു: മുഖ്യമന്ത്രിക്കസേരയെ ചൊല്ലി ഭരണപക്ഷത്ത് അധികാരത്തർക്കം തുടരുന്ന കർണാടകയിൽ കോൺ​ഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. അധികാരത്തർക്കം തുടർന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ മുഖ്യമന്ത്രിപദം സംബന്ധിച്ച് പോര് തുടരുകയാണെങ്കിൽ കറുത്ത കുതിര രം​ഗപ്രവേശം ചെയ്തേക്കാമെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.

'മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോൺ​ഗ്രസിലെ ആഭ്യന്തര തർക്കം ഇതുപോലെ തുടരുകയാണെങ്കിൽ, സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ട്. കേന്ദ്രത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രശ്നം പരിഹരിക്കാൻ രണ്ടോ മൂന്നോ ഫോർമുലകൾ നിർദേശിച്ചിട്ടുണ്ടെങ്കിലും നേതാക്കളാരും ഒന്നിനും സമ്മതിച്ചിട്ടില്ല. ഇരുവരെയും മാറ്റിനിർത്തി പുതിയൊരു ഫോർമുല തയാറാക്കുന്നുണ്ടെന്നാണ് വിവരം. ഒരു കറുത്ത കുതിര രം​ഗപ്രവേശം ചെയ്യാനുള്ള സാധ്യതയുണ്ട്'- ഹാവേരി എംപി കൂടിയായ ബൊമ്മൈ വ്യക്തമാക്കി.

'മുഖ്യമന്ത്രിപദത്തിനായുള്ള കോൺ​ഗ്രസിലെ വടംവലി ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിസഹായരാണ്. സംസ്ഥാനത്തെ ഭരണം പൂർണമായും തകർന്നിരിക്കുന്നു. കർഷകർ വളരെ ബുദ്ധിമുട്ടിലാണ്. വികസന പ്രവർത്തനങ്ങളൊക്കെ നിലച്ച മട്ടാണ്. രണ്ട് നേതാക്കളും നിലവിലെ വിഷയം ഒരു അഭിമാനപ്രശ്നമായി എടുത്തിട്ടുണ്ട്. ഇനിയും ഇതേയവസ്ഥ തുടർന്നാൽ, സംസ്ഥാനത്ത് ഒരു രാഷ്ട്രീയ അസ്ഥിരതയ്ക്ക് സാധ്യതയുണ്ട്'- ബൊമ്മൈ പറഞ്ഞു.

'ഈ സാഹചര്യത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. ഇപ്പോൾ കാണാനാവാത്ത ഒരു കുതിര ചിലപ്പോൾ കടന്നുവന്നേക്കാം'- അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി അവിശ്വാസ പ്രമേയ അവതരിപ്പിക്കുമോ എന്ന ചോദ്യത്തിന്, 'ഡിസംബർ എട്ട് വരെ സമയമുണ്ട്. ഇനിയിത്തരം സാഹചര്യങ്ങൾ ഉയർന്നുവന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവസരം വന്നേക്കാം'- ബൊമ്മൈ വ്യക്തമാക്കി.

അതേസമയം, ബൊമ്മൈയുടെ പരാമർശത്തിൽ മറുപടിയുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർ​കിഹോളി രം​ഗത്തെത്തി. രാഷ്ട്രീയ കുതിരക്കച്ചവടം ബിജെപിയുടെ പണിയാണെന്നും കോൺ​ഗ്രസിന്റെയല്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ അധികാരത്തർക്കത്തിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ ഇന്ന് ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ ഒൻപതിന് മുഖ്യമന്ത്രിയുടെ വസതിയിലായിരിക്കും കൂടിക്കാഴ്ച. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് കൂടിക്കാഴ്ചയെന്ന കാര്യം സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്ത് വിഷയത്തിലായാലും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും അത് അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനേയും അനുനയിപ്പിക്കാനുള്ള ഹൈക്കമാൻഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇന്നത്തെ ചർച്ചയും. നേതൃത്വത്തെ അനുസരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിട്ടും ഇരുപക്ഷത്തെയും എംഎൽഎമാർ അവകാശവാദം തുടരുകയാണ്.

2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രിസ്ഥാനം വീതംവെക്കാമെന്നാണ് തീരുമാനിച്ചത് എന്നാണ് ശിവകുമാർ പക്ഷം പറയുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിൽ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ സിദ്ധരാമയ്യ മാറണം എന്നാണ് ശിവകുമാർ പക്ഷത്തിന്റെ ആവശ്യം.

TAGS :

Next Story