Quantcast

ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം: ജമ്മു കശ്മീരിൽ പുഴയിൽ ചാടിയ 18 കാരന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

ഏപ്രിൽ 12ന് കാണാതായ തൻവീർ സലാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

MediaOne Logo
ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം: ജമ്മു കശ്മീരിൽ പുഴയിൽ ചാടിയ 18 കാരന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി
X

റംബാൻ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിനിടെ ബിഷ്ലേരി പുഴയിൽ ചാടി കാണാതായ 18 വയസുകാരൻ തൻവീർ സലാമിന്റെ മൃതദേഹം കണ്ടെടുത്തു. കാണാതായ സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ ഒരു പാറക്കെട്ടിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏപ്രിൽ 12-നാണ് തൻവീറിനെ കാണാതായത്. വേനൽ ചൂടിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് എസ്ഡിആർഎഫും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തത്.

ജമ്മുവിലെ ഒരു ഫാക്ടറിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന തൻവീർ, വീട്ടിലെ ആവശ്യത്തിനായി വാങ്ങിയ രണ്ട് പശുക്കളും രണ്ട് കന്നുകുട്ടികളുമായി പിക്കപ്പ് വാനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ദിഗ്ദോളിന് സമീപം വെച്ച് രണ്ട് വാഹനങ്ങളിലായെത്തിയ സ്വയം പ്രഖ്യാപിത ഗോരക്ഷാ ഗുണ്ടകൾ തൻവീറിനെ പിന്തുടർന്നു. മഗർക്കോട്ടിൽ വെച്ച് തൻവീറിനെ തടഞ്ഞുനിർത്തിയ സംഘം ക്രൂരമായി മർദിച്ചു.

അക്രമിസംഘത്തിൽ നിന്ന് രക്ഷപ്പെടാനായി തൻവീർ ഓടിപ്പോയി പാതയോരത്തെ പുഴയിലേക്ക് ചാടുകയായിരുന്നു. കന്നുകാലികളെ കൊണ്ടുപോകുന്നതിന് ജമ്മു ജില്ലാ മജിസ്ട്രേറ്റിൽ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം തൻവീറിന്റെ പക്കലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റംബാൻ സ്വദേശികളായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുർജിത് സിങ്, സന്ദീപ് സിങ്, ദിഗ്വിജയ് സിങ്, കേവൽ സിങ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ ഒരാൾ വില്ലേജ് ലംബാർദാറും മറ്റൊരാൾ തുണി വ്യാപാരിയുമാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തൻവീർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കന്നുകാലികളും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

തൻവീറിനെതിരായ ആക്രമണത്തെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശക്തമായി അപലപിച്ചു. മതാന്ധതയുടെ പേരിൽ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോട് ആവശ്യപ്പെട്ടു. ഗോരക്ഷാ ഗുണ്ടായിസം എന്ന വിഷം ജമ്മു കശ്മീരിലേക്കും പടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മിർവായിസ് ഉമർ ഫാറൂഖ് പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും മഗർക്കോട്ടിൽ ദേശീയപാത ഉപരോധിച്ചു. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് പ്രാദേശിക എംഎൽഎ അർജുൻ സിങ് രാജു ഉറപ്പുനൽകി.

TAGS :

Next Story