Quantcast

ഡൽഹിയിൽ വിജയ്- രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടന്നില്ല; കാരണം വ്യക്തമാക്കി കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരെയാണ് ഡല്‍ഹിയില്‍ വെച്ച് വിജയ് കണ്ടത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-05-29 05:08:23.0

Published:

29 May 2026 10:36 AM IST

ഡൽഹിയിൽ വിജയ്- രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടന്നില്ല; കാരണം വ്യക്തമാക്കി കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലക്‌
X

ചെന്നൈ: മുഖ്യമന്ത്രയായതിന് ശേഷമുള്ള കന്നി ഔദ്യോഗിക ഡൽഹി സന്ദർശനം പൂർത്തിയാക്കി വിജയ് ചെന്നൈയിൽ തിരിച്ചെത്തി. സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെങ്കിലും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി. ഇത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

എന്നാൽ, ഈ അഭ്യൂഹങ്ങളെയെല്ലാം കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് തള്ളി. നേതാക്കളുടെ തിരക്കേറിയ സമയക്രമം കാരണമാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്നും ഇതിൽ മറ്റ് രാഷ്ട്രീയ അർത്ഥങ്ങളില്ലെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തവണത്തെ സന്ദർശനം പൂർണ്ണമായും ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ഒതുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചതെന്നും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതായും തിലക് വ്യക്തമാക്കി.

"മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയെ കണ്ട് മടങ്ങി. ജൂൺ 11ന് അദ്ദേഹം വീണ്ടും ഡല്‍ഹിയിലെത്തുന്നുണ്ട്. ആ സമയത്ത് സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അദ്ദേഹം തീർച്ചയായും കൂടിക്കാഴ്ച നടത്തും''- ക്രിസ്റ്റഫർ തിലക് എം.പി വ്യക്തമാക്കി.

കർണാടക നേതാക്കളുമായുള്ള ചർച്ചകൾ, ജാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുമായി ബന്ധപ്പെട്ട ആലോചനകൾ തുടങ്ങിയ പാർട്ടി കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം നിലവിൽ വ്യാപൃതരാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുമായി വിശദമായ ഒരു കൂടിക്കാഴ്ചയ്ക്ക് സാധിക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഖ്യകക്ഷികൾ തമ്മിൽ യാതൊരുവിധ ഭിന്നതയുമില്ലെന്ന് വ്യക്തമാക്കിയ എം.പി, കോൺഗ്രസും വിജയിന്റെ പാർട്ടിയും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വലിയ പിന്തുണയുമായി ആദ്യം രംഗത്തെത്തിയ നേതാക്കളിലൊരാൾ രാഹുൽ ഗാന്ധിയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മേക്കേദാട്ടു അണക്കെട്ട് വിഷയം, തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ്, 'തമിഴ് തായ് വാഴ്ത്ത്' വിവാദം തുടങ്ങിയ സുപ്രധാന സംസ്ഥാന വിഷയങ്ങൾ മുഖ്യമന്ത്രി വിജയ് ചർച്ച ചെയ്തിരുന്നു. ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയത്.

TAGS :

Next Story