ഗുജറാത്തിനെയും ഇന്ത്യയെയും തകർത്തത് കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

1995 മുതൽ ഗുജറാത്തിൽ കോൺഗ്രസിതര സർക്കാറാണ് ഭരണം നടത്തിയതെന്നും നരേന്ദ്രമോദി മുഖ്യമന്ത്രിയായ 12 വർഷമടക്കമാണ് ഈ കാലയളവെന്നും ട്വിറ്ററിൽ പരിഹാസം

MediaOne Logo

Web Desk

  • Published:

    23 Nov 2022 10:08 AM GMT

ഗുജറാത്തിനെയും ഇന്ത്യയെയും തകർത്തത് കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
X

അഹമ്മദാബാദ്: ഗുജറാത്തിനെയും ഇന്ത്യയെയും നശിപ്പിച്ചത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതം, ജാതീയത, വിഭാഗീയത, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയാണ് കോൺഗ്രസ് മോഡലെന്നും മോദി വിമർശിച്ചു. വടക്കൻ ഗുജറാത്തിലെ മെഹ്‌സാനയിൽ നടത്തിയ ബിജെപി റാലിയിൽ ബുധനാഴ്ച സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമർശനം.എന്നാൽ പരാമർശനത്തിനെതിരെ പരിഹാസവുമായി നിരവധി പേരാണെത്തിയത്. മാധ്യമപ്രവർത്തകനായ ആർ. പ്രസാദ് ട്വിറ്ററിൽ കുറിച്ചു: 'കഴിഞ്ഞ 27 വർഷമായി ബിജെപി അധികാരത്തിലാണ്, എന്നിട്ടും ഗുജറാത്തിനെ തകർത്തത് കോൺഗ്രസാണെന്ന് കുറ്റപ്പെടുത്തുന്നു. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തന്നെ 27 വർഷം തുടർച്ചയായി അധികാരത്തിലിരുന്നിട്ടും ഗുജറാത്തിനെ പുനർനിർമിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടുവെന്ന് അവർ തിരിച്ചറിഞ്ഞിട്ടില്ല. തീർച്ചയായും ബിജെപി ഇന്ത്യയെയും പരാജയപ്പെടുത്തും'. മോദിയുടെ കോൺഗ്രസ് വിമർശനം സഹിതമായിരുന്നു ട്വീറ്റ്.


അതിനിടെ, 1995 മുതൽ ഗുജറാത്തിൽ കോൺഗ്രസിതര സർക്കാറാണ് ഭരണം നടത്തിയതെന്നും നരേന്ദ്രമോദി മുഖ്യമന്ത്രിയായ 12 വർഷമടക്കമാണ് ഈ കാലയളവെന്നും മറ്റൊരാൾ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വളർച്ചാ മുരടിപ്പിൽ ഗുജറാത്ത് ഇന്ത്യൻ ശരാശരിയേക്കാൾ പിന്നിൽ നിൽക്കുന്നതാണ് ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവർത്തകനുമായ സൽമാൻ അനീസ് സോസ് തുറന്നുകാട്ടിയത്. 1992-93 കാലയളവിൽ കുട്ടികളുടെ വളർച്ചാ മുരടിപ്പ് ഇന്ത്യയിലാകെ 52 ശതമാനവും ഗുജറാത്തിൽ 48 ശതമാനവുമായിരുന്നു. എന്നാലത് 1998-99 കാലയളവിൽ ഇന്ത്യയിൽ 46 ഉം ഗുജറാത്തിൽ 44ആയി. 2019-20 കാലത്ത് ഇന്ത്യയിൽ 36 ഉം ഗുജറാത്തിൽ 39 ഉം ആയി. അഥവാ ഇന്ത്യൻ ശരാശരിയിലും കൂടുതൽ കുട്ടികൾക്കാണ് സംസ്ഥാനത്ത് വളർച്ചാ മുരടിപ്പ് നേരിടേണ്ടി വന്നത്.


അതേസമയം, 'ആ ഗുജറാത്ത് മൈൻ ബനാവു ഛെ'അഥവാ ഈ ഗുജറാത്ത് ഞാനുണ്ടാക്കിയത് എന്ന് അർഥം വരുന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ സജീവമായി. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഈ പ്രചാരണം വൻ വിജയമാണെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെട്ടു. 34 ലക്ഷം പേർ സമൂഹ മാധ്യമങ്ങളിൽ സെൽഫികളും വീഡിയോകളും പങ്കുവെച്ച് കാമ്പയിനിൽ പങ്കെടുത്തെന്നും അവർ പറഞ്ഞു.


സംസ്ഥാനം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നേറിയെന്ന് കഴിഞ്ഞ നവംബർ ആറിന് ഗുജറാത്തിലെ കപ്രാഡയിൽ നടന്ന പാർട്ടി റാലിയിൽ മോദി പറഞ്ഞിരുന്നു. 'ആ ഗുജറാത്ത് മൈൻ ബനാവു ഛെ' മുദ്രാവാക്യം മുഴക്കിയതും അന്നായിരുന്നു. 'ആദിവാസി, മത്സ്യത്തൊഴിലാളി, ഗ്രാമീണൻ, നഗരവാസി ഇങ്ങനെ എല്ലാ ഗുജറാത്തിയും ഇന്ന് പൂർണ ആത്മവിശ്വാസത്തിലാണ്. ഇതുകൊണ്ടാണ് ഗുജറാത്തി പറയുന്നത് : ഞാനാണ് ഈ ഗുജറാത്ത് സൃഷ്ടിച്ചത്. അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ നാട് പണിതത്' മോദി പറഞ്ഞു. ഇതേ മുദ്രാവാക്യവുമായി ബിജെപി കാമ്പയിൻ തുടങ്ങിയിരിക്കുകയാണ്. 2019ലെ മൈ ബീ ചൗക്കിധാർ മുദ്രാവാക്യം പോലെ ഇതും ഹിറ്റാണെന്നും ബിജെപി അവകാശപ്പെട്ടു.

2002ൽ നടന്ന കലാപം സംസ്ഥാനത്ത് വൻ രാഷ്ട്രീയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം ആയിരത്തിലേറെ പേരും അനൗദ്യോഗിക കണക്ക് പ്രകാരം രണ്ടായിരത്തിലേറെ പേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ 'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു' എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും നൽകിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരുന്നത്.

Congress has destroyed Gujarat and India: Prime Minister Narendra Modi

TAGS :

Next Story