വിജയിയുടെ മോഹങ്ങൾ പൊലിയുമോ? ഡിഎംകെയും എഐഎഡിഎംകെയും സഖ്യ ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്
സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ അത്യപൂർവമായ നീക്കമാണിത്

- Published:
6 May 2026 9:34 PM IST

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യകക്ഷികളെ തേടി പരക്കം പായുന്നതിനിടയിൽ, ഡിഎംകെ തങ്ങളുടെ ചിരവൈരികളായ എഐഎഡിഎംകെയുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.. സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തിൽത്തന്നെ അത്യപൂർവമായ നീക്കമാണിത്.
ചർച്ചകൾ നടന്നതായി എഐഎഡിഎംകെ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. തമിഴ്നാട് രാഷ്ട്രീയത്തിൽ അഭൂതപൂർവമായ മാറ്റത്തിന് വഴിതെളിക്കുന്ന ഈ തീരുമാനത്തിന് ഡിഎംകെ തയ്യാറാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. തെരഞ്ഞെടുപ്പിൽ ഡിഎംകെ 59 സീറ്റുകൾ നേടിയപ്പോൾ എഐഎഡിഎംകെ 47 സീറ്റുകളാണ് നേടിയത്. എന്നാൽ ഇവിടെ ഒരു പ്രതിസന്ധിയുണ്ട്: ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്താലും ഇരുകക്ഷികൾക്കും കൂടി 106 എംഎൽഎമാരേ ആകുകയുള്ളൂ. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ ഇത് മതിയാകില്ല.
1972-ൽ അഴിമതി ആരോപണങ്ങളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അന്നത്തെ പ്രസിഡന്റ് എം.കരുണാനിധി, എം.ജി രാമചന്ദ്രനെ ഡിഎംകെയിൽ നിന്ന് പുറത്താക്കിയതോടെയാണ് എഐഎഡിഎംകെ രൂപീകൃതമായത്. ഈ പിളർപ്പാണ് പതിറ്റാണ്ടുകളോളം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തെ നിർവചിച്ച ഇരു ദ്രാവിഡ പാർട്ടികൾക്കിടയിലെ ശത്രുതയ്ക്ക് അടിത്തറയിട്ടത്.
Adjust Story Font
16
