Quantcast

യുപിയിൽ യോഗിയെ വീഴ്ത്താൻ മുന്നൊരുക്കം തുടങ്ങി 'ഇൻഡ്യ'; രാഷ്ട്രീയ നീക്കങ്ങള്‍ സജീവം

മായാവതിയുടെ ബിഎസ്പി വീടുതോറുമുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു

MediaOne Logo
യുപിയിൽ യോഗിയെ വീഴ്ത്താൻ മുന്നൊരുക്കം തുടങ്ങി ഇൻഡ്യ;  രാഷ്ട്രീയ നീക്കങ്ങള്‍ സജീവം
X

ലഖ്നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) വീടുതോറുമുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.

ഇതിനിടയിൽ 'ഇന്‍ഡ്യ' മുന്നണിയിലെ സഖ്യകക്ഷികളായ സമാജ്‌വാദി പാർട്ടിയും(എസ്പി) കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. എന്നാൽ, ഇരു പാർട്ടികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കോൺഗ്രസ് 120 സീറ്റുകൾ വരെയാണ് ആവശ്യപ്പെടുന്നതെങ്കിലും 60 മുതൽ 80 സീറ്റുകൾ വരെ അനുവദിക്കാനാണ് സമാജ്‌വാദി പാർട്ടി ആലോചിക്കുന്നത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോൺഗ്രസിന് നൽകാൻ സാധിക്കുന്ന 60-80 മണ്ഡലങ്ങളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്താൻ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് പാർട്ടി എംഎൽഎമാർക്കും ജില്ലാ അധ്യക്ഷന്മാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാജ്‌വാദി പാർട്ടി ഇതിനകം തന്നെ വിവിധ മണ്ഡലങ്ങളിൽ സർവേ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചാണ് പ്രാദേശിക തലത്തിൽ ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള സർവേ നടത്തുന്നത്. പ്രാദേശിക നേതാക്കളുടെ ശിപാർശകൾക്ക് പകരം പൂർണ്ണമായും സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയം. ജനപ്രീതിയുള്ളതും വിജയസാധ്യതയുള്ളതുമായ വ്യക്തികളെ മാത്രമേ ഇത്തവണ മത്സരരംഗത്തിറക്കൂ എന്ന കർശന നിലപാടിലാണ് അഖിലേഷ് യാദവ്.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറിയുമായ അലോക് രഞ്ജന്റെ നേതൃത്വത്തിലാണ് സർവേ ടീം പ്രവർത്തിക്കുന്നത്. കോൺഗ്രസിന് 70 മുതൽ 75 സീറ്റുകൾ വരെ നൽകാം എന്നാണ് ഇദ്ദേഹം നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത് എന്നാണ് വിവരം. ഇതിനൊപ്പം, മുൻപ് സമാജ്‌വാദി പാർട്ടി സർക്കാരുകൾ സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ അഖിലേഷ് യാദവ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

2022ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് സീറ്റ് വിതരണത്തിലെ വീഴ്ചകളും കാരണമായതായി നിരവധി സമാജ്‌വാദി പാർട്ടി നേതാക്കൾ സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയടക്കമുള്ള പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2022ല്‍ ഇങ്ങനെ സീറ്റ് കൊടുത്തത് പാർട്ടിക്ക് വേണ്ടി ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രവർത്തകർക്കിടയിൽ വൻ അമർഷത്തിന് കാരണമായിരുന്നു.

TAGS :

Next Story