Quantcast

ഇനി മമതയില്ലാത്ത ടിഎംസിയോ? പാർട്ടിയും ചിഹ്നവും പോകും, അവസരം മുതലാക്കുമോ സിപിഎം? ബംഗാളിൽ സംഭവിക്കുന്നത്...

തന്നെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 58 എംഎൽഎമാർ ഒപ്പിട്ട സംയുക്ത കത്ത് ഋതബ്രത ബാനർജി സ്പീക്കർ രതീന്ദ്ര ബോസിന് കൈമാറിയിട്ടുണ്ട്

MediaOne Logo
ഇനി മമതയില്ലാത്ത ടിഎംസിയോ?  പാർട്ടിയും ചിഹ്നവും പോകും,   അവസരം മുതലാക്കുമോ  സിപിഎം? ബംഗാളിൽ സംഭവിക്കുന്നത്...
X

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനെ (ടിഎംസി) പ്രതിസന്ധിയിലാക്കി പാർട്ടി പിളര്‍പ്പിലേക്ക്. പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിന് തൊട്ടുപിന്നാലെ, ഒപ്പമുള്ള 58 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് നേതാവ് ഋതബ്രത ബാനർജി നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദമുന്നയിച്ച് സ്പീക്കറെ കാണുകയും ചെയ്തു.

തന്നെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് 58 എംഎൽഎമാർ ഒപ്പിട്ട സംയുക്ത കത്ത് ഋതബ്രത ബാനർജി സ്പീക്കർ രതീന്ദ്ര ബോസിന് കൈമാറി. അരുപ് റോയ്, ഷിയുലി സാഹ, അഖ്‌റുല്ലാമാന്‍ തുടങ്ങിയ പ്രമുഖ നിയമസഭാ അംഗങ്ങൾക്കൊപ്പമാണ് ഋതബ്രത സ്പീക്കറെ കാണാനെത്തിയത്. തങ്ങളാണ് 'യഥാർത്ഥ തൃണമൂൽ കോൺഗ്രസ്' എന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്.

വിമതർ ഉന്നയിക്കുന്ന കണക്കുകൾ ശരിയാണെങ്കിൽ നിയമസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണ്ണമായും മാറിമറിയും. 58 പേർ വിമതർക്കൊപ്പം ചേർന്നതോടെ മുഖ്യമന്ത്രി മമത ബാനർജിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം കേവലം 20 ആയി ചുരുങ്ങും. 80 അംഗങ്ങളാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. എന്നാൽ, വിമതരുടെ ഈ അവകാശവാദം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തൃണമൂൽ കോൺഗ്രസ് നേതൃത്വവും ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല. ഏതാനും പേര്‍ പാര്‍ട്ടിയെ ചതിക്കുകയാണെന്നാണ് ടിഎംസി വക്താവ് കുനാല്‍ ഘോഷ് വ്യക്തമാക്കുന്നുണ്ട്. എന്താണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.

മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനും, തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിർത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. വിമത വിഭാഗത്തിന് ബിജെപിയുടെ ആശീര്‍വാദമുണ്ടെന്നാണ് പറയപ്പെടുന്നത്. എംപിമാര്‍ക്കിടയിലും മമത വിരുദ്ധ വികാരം ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അങ്ങനെ വന്നാല്‍ മഹാരാഷ്ട്രയില്‍ ശിവസേന രണ്ടായി പിളര്‍ന്നത്പോലെയുള്ള കാഴ്ച ബംഗാളിലും കാണാനാകും.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നീ എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അടിയന്തരമായി പുറത്താക്കിയത്. സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ അതൃപ്തി പ്രകടിപ്പിച്ചു നിരവധി പ്രമുഖ നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്ന നീക്കങ്ങൾ അരങ്ങേറുന്നത്.

പ്രതിപക്ഷ നേതാവിനെയും മറ്റും തെരഞ്ഞെടുക്കുന്ന പാർട്ടി പ്രമേയ രേഖയിൽ നിരവധി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന് ഇരുവരും ആരോപിച്ചിരുന്നു. കത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് കാട്ടി ഋതബ്രതയും സന്ദീപൻ സാഹയും നൽകിയ പരാതിയെത്തുടർന്ന് സ്പീക്കർ ടിഎംസിയുടെ നീക്കം തടയുകയും ചെയ്തു. പിന്നാലെയാണ് പുറത്താക്കല്‍. അഭിഷേക് ബാനര്‍ജിക്ക് നല്‍കുന്ന അമിത പിന്തുണയാണ് വിമത നീക്കത്തിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.

തിരിച്ചുവരുമോ സിപിഎം?

ടിഎംസി തകര്‍ന്നാല്‍ ശക്തമായ പ്രതിപക്ഷമാകാന്‍ സിപിഎമ്മിന് ആകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ആ വഴിക്കുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. 2026ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഓൾ ഇന്ത്യ സെക്കുലർ ഫ്രണ്ടിനും ഓരോ സീറ്റുകൾ വീതം മാത്രമാണ് ഇടത് സഖ്യത്തിൽ നേടാനായത്. 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒരൊറ്റ സീറ്റ് പോലും നേടാനാകാതെ പോയ ഇടതുപക്ഷത്തിന് ഈ ഫലം നേരിയ ആശ്വാസമാണെങ്കിലും വലിയൊരു തിരിച്ചുവരവായി വിലയിരുത്തപ്പെട്ടിരുന്നില്ല.

എന്നാൽ, 2026 മെയ് 24ന് പുറത്തുവന്ന ഫാൽട്ട മണ്ഡലത്തിലെ വോട്ടെണ്ണൽ ഫലം ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തെ വീണ്ടും സജീവ ചർച്ചകളിലേക്ക് എത്തിച്ചിരിക്കുകയാണ്. ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലത്തിൽ, സിപിഎം പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ശംഭുനാഥ് കുർമി 40,645 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് ഇവിടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചത്.

ഭരണവിരുദ്ധ വോട്ടുകളിൽ വലിയൊരു പങ്ക് ഫാല്‍ട്ടയില്‍ ഇടതുപക്ഷത്തേക്ക് മാറിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറേ വർഷങ്ങളായി ബംഗാളിൽ ബിജെപിയും തൃണമൂലും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടന്നിരുന്നത്. ഇതിനിടയിൽ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതവും സീറ്റുകളും ഗണ്യമായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ഫാൽട്ടയിലെ പുതിയ രാഷ്ട്രീയ സമവാക്യം എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

ഫാൽട്ടയിലെ ഫലം മാത്രമല്ല, സംസ്ഥാന ഭരണത്തിൽ നിന്നുള്ള തൃണമൂലിന്റെ പതനവും ഒരു വിരോധാഭാസമെന്നോണം സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്തേക്കാമെന്നാണ് ബംഗാൾ രാഷ്ട്രീയ നിരീക്ഷകനും യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് അക്കാദമി ഇന്റർനാഷണൽ ഫെലോയുമായ അയൻ ഗുഹ വിലയിരുത്തുന്നത്. അഴിമതി ആരോപണങ്ങളും പൊതുജനരോഷവും കാരണം തൃണമൂൽ കോൺഗ്രസ് വലിയ പ്രതിച്ഛായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ഈ പ്രതിപക്ഷ വോട്ടുകൾ സ്വാഭാവികമായും സിപിഎമ്മിലേക്കോ, സിപിഎം കോൺഗ്രസ് സഖ്യത്തിലേക്കോ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

TAGS :

Next Story