മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി; കൊലക്കേസിൽ കർണാടക ബിജെപി എംഎൽഎ അറസ്റ്റിൽ
കെ.ആർ പുര എംഎൽഎയായ ബൈരതി ബസവരാജ് ആണ് അറസ്റ്റിലായത്

- Published:
12 Feb 2026 10:16 PM IST

ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജ് കൊലപാതകക്കേസിൽ അറസ്റ്റിൽ. വ്യാഴാഴ്ച ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് ദേവനഹള്ളി പൊലീസ് ബസവരാജിനെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാസംഘത്തലവൻ ബിക്ലു ശിവ എന്ന ശിവകുമാറിന്റെ കൊലപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന ബിജെപി എംഎൽഎയുടെ അപേക്ഷ സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കെ.ആർ പുര എംഎൽഎയായ ബൈരതി ബസവരാജ് കൊലക്കേസിൽ അഞ്ചാം പ്രതിയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലെ ബിസിനസ് വൈരാഗ്യത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 15 ന് രാത്രിയാണ് കൊലപാതകം നടന്നത്. നേരത്തെ കർണാടക ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. കേസ് അന്വേഷിക്കുന്ന സിഐഡി പൊലീസ് ബുധനാഴ്ച എംഎൽഎക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാൻ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
Adjust Story Font
16
