ഒഡിഷയിൽ പാസ്റ്റർക്ക് നേരെയുള്ള ആക്രമണം മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് കെ.സി വേണുഗോപാൽ; അമിത് ഷായ്ക്ക് കത്ത്
'സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുന്നു'.

- Published:
23 Jan 2026 6:06 PM IST

ന്യൂഡൽഹി: ഒഡിഷയിൽ പാസ്റ്റർക്ക് നേരെയുള്ള ആക്രമണം മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബജ്‌റംഗ്ദള്‍ പ്രവർത്തകർ നടത്തിയ അതിക്രമം അങ്ങേയറ്റം ഞെട്ടിക്കുന്നതും മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
40ലേറെ അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി വൈദികനെ മർദിക്കുകയും മുഖത്ത് സിന്ദൂരം പൂശിയും ചെരിപ്പുമാല അണിയിച്ചും അപമാനിച്ചു. തുടർന്ന് ക്ഷേത്രത്തിൽ കെട്ടിയിട്ട് അദ്ദേഹത്തെക്കൊണ്ട് ബലമായി ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത നടപടി പൗരന്റെ ആത്മാഭിമാനത്തിന് മേലുള്ള കൊടും ക്രൂരതയാണ്.
ഇത് വെറുമൊരു ആൾക്കൂട്ട അക്രമണമല്ല, മറിച്ച് ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ്. സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ തുടർക്കഥയാവുന്നു. നിയമവാഴ്ചയും ബഹുസ്വരതയും സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാരിന്റെ നിസംഗതയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.
മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. വൈദികനെ ആക്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്ത് നൽകിയെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
ഒഡിഷയിലെ ധെങ്കനാൽ ജില്ലയിലെ പർജംഗിലെ കന്ദർസിംഗ ഗ്രാമത്തിൽ ജനുവരി നാലിനായിരുന്നു സംഭവം. ബിപൻ ബിഹാരി നായിക് എന്ന പാസ്റ്ററാണ് ആക്രമണത്തിന് ഇരയായത്. മതപരിവർത്തന ശ്രമം ആരോപിച്ചായിരുന്നു മർദനം. ജനുവരി 13നാണ് ബിപിന്റെ ഭാര്യ ബന്ദന നായിക് പൊലീസിൽ പരാതി നൽകുന്നത്.
മുളവടികളും കമ്പികളുമായി ഇരച്ചെത്തിയ 15-20 പേരടങ്ങുന്ന ബജ്രംഗ്ദൾ സംഘം ഭർത്താവിനെ പുറത്തേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ബന്ദനയുടെ പരാതിയിൽ പറയുന്നു. തുടരെത്തുടരെ ശരീരമാസകലം മർദിച്ച അക്രമിസംഘം, ഒടുവിൽ പാസ്റ്ററുടെ കഴുത്തിൽ ചെരിപ്പുമാല അണിയിച്ച് പുറത്തേക്ക് കൊണ്ടുപോയി.
തുടർന്ന് ഗ്രാമത്തിലൂടെ രണ്ട് മണിക്കൂറോളം നടത്തിയ അക്രമികൾ, ശേഷം ഹനുമാൻ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ബിപിന്റെ തലമുടി വടിക്കുകയും ചെയ്തു. തുടർന്ന്, വിഗ്രഹത്തിന് മുന്നിൽ കുനിയാനും തൊഴാനും നിർബന്ധിച്ച അക്രമി സംഘം, ബലംപ്രയോഗിച്ച് മലിനജലവും ചാണകവെള്ളവും കുടിപ്പിക്കുകയും ചെയ്തു. ഒടുവിൽ, പാസ്റ്ററുടെ കൈകൾ ക്ഷേത്രത്തിന് പിന്നിലെ ഒരു ഇരുമ്പുകമ്പിയുമായി ബന്ധിച്ച ശേഷം ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും വീണ്ടും മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പരാതിയിൽ വിശദമാക്കുന്നു.
പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളിൽ ഒമ്പത് പേരെ പിടികൂടി. സംഭവത്തിൽ, ഭാരതീയ ന്യായ് സംഹിത 191(2), 191(3), 126(2), 115(2), 351(2), 190 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ ആരോപണം വസ്തുതാരഹിതമാണെന്നും തന്റെ ഭർത്താവ് കടുത്ത ശാരീരിക- മാനസിക പീഡനങ്ങൾക്കിരയായെന്നും ബന്ദന വ്യക്തമാക്കി. അതേസമയം, മതപരിവർത്തനങ്ങളിൽ പങ്കുണ്ടെന്ന ആരോപണം ബന്ദന നായിക് നിഷേധിച്ചു.
Adjust Story Font
16

