Quantcast

വിജയ്‌യുമായുള്ള സഖ്യം ഡിഎംകെയുമായുള്ള പൂർണമായ വേർപിരിയലല്ല; രാഷ്ട്രീയ നീക്കങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ്

ബിജെപിയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാണ് മതേതര നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് മാണിക്കം ടാ​ഗോർ ന്യു ഇന്ത്യൻ എക്പ്രസിനോട് പറഞ്ഞു.

MediaOne Logo
വിജയ്‌യുമായുള്ള സഖ്യം ഡിഎംകെയുമായുള്ള പൂർണമായ വേർപിരിയലല്ല; രാഷ്ട്രീയ നീക്കങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ്
X

ചെന്നൈ/ന്യൂഡൽഹി: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നടപടി ഡിഎംകെയുമായുള്ള ഔദ്യോഗിക ബന്ധം അവസാനിപ്പിക്കലല്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ. ബിജെപിയെ തമിഴ്‌നാട്ടിൽ നിന്നും അകറ്റി നിർത്താനാണ് മതേതര നിലപാടുള്ള ടിവികെയെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം ന്യു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 117 സീറ്റുകൾ വേണമെന്നിരിക്കെ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഭൂരിപക്ഷത്തിന് വെറും 10 സീറ്റുകൾ മാത്രം അകലെയുള്ള വിജയ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ബന്ധപ്പെടുകയും പിന്തുണ തേടുകയും ചെയ്തു. തമിഴ്‌നാട്ടിൽ ബിജെപി പിൻവാതിലിലൂടെ അധികാരം പിടിക്കുന്നത് തടയാൻ മതേതര സഖ്യത്തെ പിന്തുണയ്ക്കുക എന്നതായിരുന്നു ഹൈക്കമാൻഡിന്റെ തീരുമാനമെന്ന് മാണിക്കം ടാഗോർ പറഞ്ഞു.

കോൺഗ്രസിനെ 'പിന്നിൽ നിന്ന് കുത്തിയവർ' എന്ന് വിശേഷിപ്പിച്ചത് ഡിഎംകെയിലെ ജൂനിയർ നേതാക്കളാണ്. അതിന് അമിത പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ വർഗീയ ശക്തികളിൽ നിന്ന് സംരക്ഷിക്കുക എന്നതിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. ഒരു ദേശീയ പാർട്ടി എന്ന നിലയിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലെ സഖ്യം മാറിയത് ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയെ ബാധിക്കില്ലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനത്തെയും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസരിച്ച് സഖ്യങ്ങളിൽ മാറ്റം വരാമെങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

തിരുപ്പരൻകുണ്ട്രം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ പരാജയപ്പെടുത്തിയത് ടിവികെയാണ്. വിജയ്‌യുടെ മതേതര നിലപാടുകളിൽ കോൺഗ്രസിന് പൂർണ്ണ വിശ്വാസമുണ്ട്. വർഗീയ ശക്തികളെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുമെന്ന നിബന്ധനയോടെയാണ് പിന്തുണ നൽകിയിരിക്കുന്നത്. ഭരണ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടക്കുമെന്നും ടിവികെയുമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ബന്ധമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മാണിക്കം ടാഗോർ സൂചിപ്പിച്ചു. ഡിഎംകെയുമായുള്ള സഖ്യത്തിൽ തങ്ങളുടെ എംഎൽഎമാരുടെ എണ്ണം 17-ൽ നിന്ന് അഞ്ചിലേക്ക് കുറഞ്ഞ സാഹചര്യം പാർട്ടി വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story