ഇന്ത്യയുടെ യാത്ര പരിഷ്കരണ എക്സ്പ്രസിലെന്ന് മോദി; പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം
കോൺഗ്രസ് വരുത്തിവെച്ച തെറ്റുകൾ തിരുത്താനായി ഒരുപാട് സമയം ചിലവഴിക്കേണ്ടതായി വരുന്നുവെന്നും മോദി പറഞ്ഞു

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ രാജ്യസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ ഏകാധിപത്യം അനുവദിക്കില്ലെന്നും മോദിയുടെ പ്രസംഗം അനുവദിക്കില്ലെന്നും പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തി. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മോദി പരിഹസിച്ചു. ഖാര്‍ഗെയ്ക്ക് ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയല്ലോയെന്നും ഒരുപാട് യുവാക്കള്‍ ഉണ്ടല്ലോയെന്നുമായിരുന്നു മോദിയുടെ പരിഹാസം. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
സമീപകാലത്ത് മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കരാറുകളെ കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. ലോകരാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെടുന്നത് ഭാവിയിലേക്കുള്ള വ്യാപാരക്കരാറുകളാണെന്ന് മോദി പറഞ്ഞു.
'27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനുമായി ഒരു സുപ്രധാന കരാര്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മികച്ച ഭാവിയിലേക്കുള്ള കരാറുകളിലാണ് നിലവില്‍ ഒപ്പുവെച്ചുകൊണ്ടിരിക്കുന്നത്. ലോകത്തോട് മത്സരിക്കാനുള്ള ഘട്ടത്തിലെത്തിയിരിക്കുന്നു നമ്മുടെ ഇന്ത്യ. പരിഷ്‌കരണ എക്‌സ്പ്രസിലാണ് നിലവിലെ യാത്ര. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ് നമ്മുടെ രാജ്യം. അതിവേഗത്തിലുള്ള ഇന്ത്യയുടെ കുതിപ്പിനെ ആർക്കും തടഞ്ഞ് നിര്‍ത്താനാകില്ല.' മോദി പറഞ്ഞു.
അമേരിക്കയുമായി ഇന്ത്യയ്ക്ക് കരാറുണ്ടെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞു. 'എല്ലാ മേഖലയിലും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. അമേരിക്കയുമായി നാം കരാറുണ്ടാക്കിയിട്ടുണ്ട്. കരാറിന്റെ നേട്ടം ചെറുപ്പക്കാര്‍ക്കാണ്. ബാങ്കിങ് മേഖലയെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഈ സര്‍ക്കാരാണ്. അതേസമയം, കോണ്‍ഗ്രസിന് ഞങ്ങളുടേത് പോലെ ആസൂത്രണമോ കാഴ്ചപ്പാടോ ഉണ്ടായിരുന്നില്ല. അവര്‍ വരുത്തിവെച്ച തെറ്റുകള്‍ തിരുത്താനായി ഒരുപാട് സമയം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. ഖാര്‍ഗെയ്ക്ക് ഇരുന്ന് പ്രതിഷേധിച്ചാല്‍ മതിയല്ലോ, ഒരുപാട് യുവാക്കള്‍ കൂടെയുള്ളതല്ലേ.' മോദി പരിഹസിച്ചു.
നേരത്തെ ശക്തമായ പ്രതിപക്ഷത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയുടെ മറുപടി ഒഴിവാക്കി രാഷ്ട്രപതിയുടെ നന്ദിപ്രമേയം ലോക്‌സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
Adjust Story Font
16

