'ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണം'; അധികാര കൈമാറ്റത്തിന് നിബന്ധനകളുമായി സിദ്ധരാമയ്യ
ചൊവ്വാഴ്ച ഡൽഹിയിൽ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും കോൺഗ്രസ് നേതൃത്വം ആറ് മണിക്കൂർ നീണ്ട മാരത്തൺ ചർച്ച നടത്തിയിരുന്നു

- Published:
27 May 2026 10:50 AM IST

ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ അണിയറയിലെ ചർച്ചകളും വിലപേശലുകളും കൂടുതൽ ശക്തമാവുന്നു. അധികാര സന്തുലിതാവസ്ഥ പൂർണമായും ഡി.കെ. ശിവകുമാറിന് അനുകൂലമാകാതിരിക്കാൻ സിദ്ധരാമയ്യ ക്യാമ്പ് ശക്തമായി സമ്മർദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നതിന് സമ്മതിക്കുന്നതിന് മുമ്പ് സിദ്ധരാമയ്യ തന്റെ അനുയായികളുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്.
മുതിർന്ന നേതാവായ സിദ്ധരാമയ്യ ഡി.കെ ശിവകുമാറിന് വഴിമാറിക്കൊടുക്കുന്നതിന് മുമ്പ്, അദ്ദേഹത്തിന്റെ ക്യാമ്പ് പാർട്ടി ഹൈക്കമാൻഡിന് മുന്നിൽ ചില ആവശ്യങ്ങൾ വെച്ചിട്ടുണ്ടെന്നാണ് സൂചന. അധികാര സന്തുലിതാവസ്ഥ നിലനിർത്താൻ ഡി.കെ ശിവകുമാറിന് കീഴിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് സിദ്ധരാമയ്യ ക്യാമ്പിന്റെ പ്രധാന ആവശ്യം. ഇതിനുപുറമെ, പുതിയ കർണാടക കോൺഗ്രസ് അധ്യക്ഷൻ തങ്ങളുടെ താൽപര്യപ്രകാരമുള്ള ആളായിരിക്കണമെന്നും മുഖ്യമന്ത്രിയുടെ ക്യാമ്പ് ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്.
പാർട്ടിയിലും സർക്കാരിലും ഒന്നിലധികം അധികാര കേന്ദ്രങ്ങൾ രൂപപ്പെടുന്നതിന് കാരണമായേക്കും എന്നതുകൊണ്ട് പുതിയ ആവശ്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കാൻ സാധ്യതയുണ്ട്. ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുന്നതിനോട് ഒട്ടും താൽപര്യമില്ലെങ്കിലും, സമ്മർദമുണ്ടായാൽ ഒരാളെ മാത്രം നിയമിക്കാൻ അദ്ദേഹം സമ്മതിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ആവശ്യപ്പെടുന്നത് പോലെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കാൻ അദ്ദേഹം തയ്യാറായേക്കില്ലെന്ന് ഡി.കെ ശിവകുമാറിന്റെ വിശ്വസ്തരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ ഇന്നും തുടരാനാണ് സാധ്യത. ശിവകുമാർ ഇന്ന് ഡൽഹിയിൽ തങ്ങുമെന്നും വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിലേക്ക് തിരിക്കുമെന്നുമാണ് സൂചന. ബംഗളൂരുവിൽ എത്തിയ ശേഷം അദ്ദേഹം മുഖ്യമന്ത്രിയുമായി പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികാര കൈമാറ്റ ഫോർമുല അനുസരിച്ച്, സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റാണ് കോൺഗ്രസ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ഡൽഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട പദവിയും നൽകുമെന്നാണ് സൂചന. സിദ്ധരാമയ്യ ഈ വിഷയം തന്റെ വിശ്വസ്തരുമായി ചർച്ച ചെയ്തതായും, ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കുമെന്ന് പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച ഡൽഹിയിൽ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും കോൺഗ്രസ് നേതൃത്വം ആറ് മണിക്കൂർ നീണ്ട മാരത്തൺ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിന്റെ കർണാടക ചുമതലയുള്ള രൺദീപ് സുർജേവാല ബുധനാഴ്ച ഉച്ചയ്ക്ക് ബംഗളൂരുവിലെത്തും. കാര്യങ്ങൾ തീരുമാനിച്ചതുപോലെ നടന്നാൽ ഒരാഴ്ചയ്ക്കകം പുതിയ സർക്കാർ അധികാരമേറ്റേക്കും.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിച്ചപ്പോൾ രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം വെച്ചുമാറാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയിരുന്നു എന്നാണ് ശിവകുമാർ അനുയായികളുടെ വാദം. എന്നാൽ സ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായില്ല. സംസ്ഥാനത്തെ ഏറ്റവും പ്രബലനായ നേതാക്കളിൽ ഒരാളായ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച പ്രധാനിയായിരുന്നു. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഉപമുഖ്യമന്ത്രിയാവാൻ ശിവകുമാർ സമ്മതിച്ചത്.
എന്നാൽ, നേതൃത്വത്തിൽ മാറ്റം വരുത്തുന്നത് ഭരണത്തിന്റെ വേഗതയെ ബാധിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഡിസംബറിൽ ഇരുവരും തമ്മിൽ നടന്ന രണ്ട് പ്രഭാതഭക്ഷണ യോഗങ്ങളിലും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം അവസാനത്തിൽ 110 ഓളം എംഎൽഎമാരുടെ പിന്തുണയോടെ സിദ്ധരാമയ്യക്കായിരുന്നു പാർട്ടിയിൽ കൂടുതൽ മേൽക്കൈ. അടുത്ത തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ, നേതൃമാറ്റത്തിനായുള്ള പ്രചാരണം ഡി.കെ ശിവകുമാർ ക്യാമ്പ് ശക്തമാക്കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി എന്ന നിലയിൽ സ്വയം തെളിയിക്കാൻ തനിക്ക് ആവശ്യത്തിന് സമയം വേണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. ചൊവ്വാഴ്ച നടന്ന മാരത്തൺ മീറ്റിങ്ങുകൾക്ക് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ മാറ്റത്തിന് മുൻകൈ എടുത്തതെന്നാണ് വിവരം. കോൺഗ്രസിന്റെ നിലവിലെ മുഖ്യമന്ത്രിമാരിൽ ഒബിസി വിഭാഗത്തിൽപ്പെട്ട ഏക മുഖ്യമന്ത്രി സിദ്ധരാമയ്യ ആയതിനാൽ അദ്ദേഹത്തെ മാറ്റുന്നതിൽ രാഹുൽ ഗാന്ധിക്ക് വലിയ താത്പര്യമില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
Adjust Story Font
16
