മണിപ്പുരിൽ വീണ്ടും സംഘർഷം; ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
അഞ്ച് വയസും ആറ് മാസവും പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്

- Published:
7 April 2026 10:06 AM IST

ബിഷ്ണുപുർ: മണിപ്പുരിൽ വീണ്ടും വംശീയ സംഘർഷങ്ങൾ കനക്കുന്നു. ബിഷ്ണുപുർ ജില്ലയിലുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൊയ്‌രാങ് ട്രോങ്‌ലോബിയിലെ ജനവാസ മേഖലയിലാണ് സംഭവം. അക്രമികൾ തൊടുത്തുവിട്ട ബോംബ് വീടിന് മുകളിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ചു വയസുകാരനും ആറു മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ കുക്കി വിഘടനവാദികളാണെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനസമയത്ത് വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികളുടെ അമ്മക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു. മാസങ്ങളായി തുടരുന്ന സമാധാന അന്തരീക്ഷത്തിന് വിള്ളലേൽപ്പിച്ചുകൊണ്ട് നടന്ന ഈ ആക്രമണം പ്രദേശത്ത് വലിയ തോതിലുള്ള ഭീതി പടർത്തിയിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഏഴ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ കുട്ടിക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. സംഭവത്തിൽ ലൈഷ്രാം ലംഗംബ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2023ൽ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഈ പെൺകുട്ടിയും കുടുംബവും ക്യാമ്പിലായിരുന്നു താമസം.
പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നതോടെ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേനക്ക് കണ്ണീർ വാതകം പ്രയോഗിക്കേണ്ടി വന്നു. സംസ്ഥാനത്ത് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16
