കൈക്കൂലി നൽകിയില്ല; ഉത്തർപ്രദേശിൽ ഡോക്ടർ കുട്ടിയുടെ ഒടിഞ്ഞ കാൽ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും ഒടിച്ചതായി പരാതി
ഓപ്പറേഷൻ ചെയ്ത ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അടുത്തേക്ക് വിളിച്ച ഡോക്ടർ പെൺകുട്ടിയുടെ മുട്ട് ബലംപ്രയോഗിച്ച് മടക്കിയെന്നും എല്ലുപൊട്ടുന്ന ശബ്ദം പുറത്തേക്ക് കേട്ടെന്നും അമ്മ പറഞ്ഞു

- Published:
5 Jun 2026 7:00 PM IST

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഡോക്ടറുടെ കൊടുംക്രൂരത. ശസ്ത്രക്രിയയ്ക്ക് ശേഷം കൂട്ടിച്ചേർത്ത കുട്ടിയുടെ കാൽ, കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഡോക്ടർ വീണ്ടും ഒടിച്ചതായാണ് പരാതി. ന്യൂസ് 18 ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓപ്പറേഷനായി ഡോക്ടർ 25,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 8,000 രൂപ കുട്ടിയുടെ അമ്മ നൽകി. എന്നാൽ ബാക്കി തുക നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ, പരിശോധനയ്‌ക്കെന്ന വ്യാജേന കുട്ടിയെ വിളിച്ചുവരുത്തി ഡോക്ടർ കാലിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ഇരയായ 14 വയസുകാരിയായ പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ അമ്മയ്ക്ക് ചികിത്സാച്ചെലവ് താങ്ങാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ജില്ലാ ഭരണകൂടം, കുട്ടിക്ക് സൗജന്യ ചികിത്സ നൽകണമെന്ന് ഈ ഡോക്ടർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ചീഫ് മെഡിക്കൽ ഓഫീസറുടെ കർശന നിർദേശം ഉണ്ടായിരുന്നിട്ടും, ഡോക്ടർ കുടുംബത്തിൽ നിന്ന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
വിധവയായ രേഷ്മ എന്ന സ്ത്രീയാണ് 14 വയസുകാരിയായ മകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിൽ എത്തിയത്. ഒന്നര മാസം മുമ്പാണ് മകളുടെ വലതുകാലിൽ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്ന് രേഷ്മ പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ആദ്യം 25,000 രൂപ ആവശ്യപ്പെട്ടിരുന്നു. വരുമാനമില്ലാത്ത വിധവയായതിനാൽ ഈ തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ മകൾക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് ഇവർ ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുകയും, മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരം ചീഫ് മെഡിക്കൽ ഓഫീസർ സൗജന്യ ചികിത്സ ഉറപ്പാക്കാൻ ഉത്തരവിടുകയുമായിരുന്നു.
എന്നാൽ, ഇതിനുശേഷവും ആശുപത്രി ജീവനക്കാർ ഭീഷണിപ്പെടുത്തി 8,000 രൂപ കൈപ്പറ്റിയെന്നും ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് പറഞ്ഞതായും രേഷ്മ ആരോപിക്കുന്നു. തുടർപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഓപ്പറേഷൻ ചെയ്ത ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അടുത്തേക്ക് വിളിച്ചു. തുടർന്ന് പെൺകുട്ടിയുടെ മുട്ട് ഡോക്ടർ ബലംപ്രയോഗിച്ച് മടക്കുകയായിരുന്നുവെന്ന് രേഷ്മ ആരോപിക്കുന്നു. കുട്ടി വേദനകൊണ്ട് അലറിവിളിക്കുകയും കാലിൽ നിന്ന് അസ്ഥി പൊട്ടുന്ന ശബ്ദം കേൾക്കുകയും ചെയ്തു. ഇതിനുശേഷം കുട്ടിയുടെ നില കൂടുതൽ വഷളായതായും, ഈ വിഷയം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർ തങ്ങളെ അവഗണിക്കുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു.
Adjust Story Font
16
