എഐഎഡിഎംകെയിലെ 47 ൽ 30 എംഎൽഎമാരും പറയുന്നു വിജയ്‌യെ പിന്തുണക്കണം; കലങ്ങി മറിഞ്ഞ് തമിഴ്‌നാട്ടിലെ സഖ്യങ്ങൾ
പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂലമായ പ്രതികരണമില്ലെങ്കിൽ എംഎൽഎമാർ ടിവികെയിൽ ചേർന്നേക്കും എന്ന രീതിയിലുള്ള അഭ്യൂഹങ്ങളുമുണ്ട്

- Published:
6 May 2026 7:42 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കലങ്ങി മറിയുകയാണ് സഖ്യങ്ങൾ. പുതിയ വാർത്തകൾ എഐഎഡിഎംകെയിൽ നിന്നാണ് വരുന്നത്. 47 എംഎൽഎമാരിൽ 30 പേരും വിജയ് യുടെ ടിവികെയെ പിന്തുണക്കണമെന്നാവശ്യപ്പെട്ടതായുള്ള വാർത്തകളാണ് വരുന്നത്. ഡിഎംകെ മുന്നണിയിൽ മത്സരിച്ച കോൺഗ്രസ് ടിവികെക്ക് പിന്തുണ കൊടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് എൻഡിഎയുമായി സഹകരിച്ച എഐഡിഎംകെയിൽ നിന്നുള്ള വാർത്തകളും. എന്നാൽ, എംഎൽഎരുടെ താൽപര്യത്തോട് പാർട്ടി പ്രസിഡന്റ് എടപ്പാടി പളനിസ്വാമി പോസിറ്റീവ് ആയി പ്രതികരിച്ചിട്ടില്ല.
പാർട്ടി നേതൃത്വത്തിൽ നിന്ന് അനുകൂലമായ പ്രതികരണമില്ലെങ്കിൽ എംഎൽഎമാർ ടിവികെയിൽ ചേർന്നേക്കും എന്ന രീതിയിലുള്ള അഭ്യൂഹങ്ങളുമുണ്ട്. മൂന്നിൽ രണ്ട് അംഗങ്ങളുമായി പാർട്ടിമാറിയാൽ അയോഗ്യത ഭീഷണി ഒഴിവാക്കാം. എന്നാൽ, ടിവികെയുമായി ഒരു ധാരണയുമുണ്ടാക്കില്ല എന്ന് മുതിർന്ന നേതാവ് കെ.പി മുനുസ്വാമി പറഞ്ഞതോടെ പാർട്ടിയിൽ വിഷയത്തിൽ ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമായി. ബിജെപിയുമായി ചേർന്നാണ് എഐഎഡിഎംകെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
കേവല ഭൂരിപക്ഷം തികക്കാൻ ടിവികെക്ക് 118 പേരുടെ പിന്തുണയാണ് ആവശ്യം. എന്നാൽ, 108 സീറ്റുകളിലാണ് ടിവികെ വിജയിച്ചത്. രണ്ട് സീറ്റിൽ വിജയിച്ച വിജയ് ഒരു സീറ്റിൽ രാജിവെക്കുന്നതോടെ 107 സീറ്റുകളായി ചുരുങ്ങും. ഈ സാഹചര്യത്തിലാണ് സഖ്യസാധ്യതകൾ ടിവികെ നേടിയത്. ഡിഎംകെ മുന്നണിയിൽ മത്സരിച്ച കോൺഗ്രസ് ഇപ്പോൾ തന്നെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.
വിജയ്യെ പിന്തുണച്ച കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണമാണ് ഡിഎംകെ ഉയർത്തിയത്. 'പിന്നിൽ നിന്ന് കുത്തിയവർ' എന്നാണ് ഡിഎംകെ കോൺഗ്രസിനെ വിശേഷിപ്പിച്ചത്. ഡിഎംകെയുടെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് സീറ്റുകളിൾ ജയിച്ചതെന്നാണ് അവരുടെ ആരോപണം. അതേസമയം, വിജയ് മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16
